തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം. കുര്യാക്കോസ് 31 ന് വിരമിക്കുന്നു. പ്രകൃതിയെയും മരങ്ങളേയും അളവറ്റ് സ്‌നേഹിക്കുന്ന ഡോ. കെ.എം. കുര്യാക്കോസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളായി ചുമതലയേറ്റത് 2020 ജൂൺ മൂന്നിനാണ്. കഴിഞ്ഞ വർഷം ജൂലായിൽ മെഡിക്കൽ കോളേജിലെ ആറേക്കർ ഭൂമിയിൽ കേരളത്തിൽ ലഭ്യമായ എല്ലാ ഫലവൃക്ഷങ്ങളും കാട്ടുമരങ്ങളും ഉൾപ്പെടെ നട്ടുപിടിപ്പിച്ച് മാതൃകയാവുകയായിരുന്നു.
25,500 മരങ്ങളാണ് മണത്തണക്കൂട്ടം എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ നട്ടത്. തൈ ഒന്നിന് 250 രൂപ വിലയുള്ള മരമഞ്ഞൾ ഉൾപ്പെടെ 60,000 രൂപയുടെ മരങ്ങൾ തൃശൂരിലെ കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും കൊണ്ടുവന്നാണ് പരിയാരത്ത് നട്ടത്. മെഡിക്കൽ കോളേജിന്റെ പടിഞ്ഞാറുഭാഗത്തുള്ള തരിശുഭൂമിയാണ് ഇതിനായി തിരഞ്ഞെടുത്തത്. 104 ഇനം നാട്ടുമാവുകൾ, ആര്യവേപ്പ്, കറിവേപ്പ്, വള്ളിച്ചെടികൾ എന്നിവയും ഇവിടെ നട്ടുപിടിപ്പിച്ചിരുന്നു.
ഡോക്ടർമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരോടൊപ്പം ഹരിത കേരള മിഷൻ, പരിസ്ഥിതി സംഘടനയായ ഗുഡ് എർത്ത്, കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തും ഇതോടൊപ്പം സഹകരിച്ചു. വേനൽക്കാലത്ത് ചെടികൾക്ക് വെള്ളമൊഴിക്കാനും സംരക്ഷിക്കാനും പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരങ്ങളിൽ 20 ശതമാനം കാട്ടുപന്നികളുടെ ശല്യം മൂലം നശിച്ചുവെങ്കിലും 80 ശതമാനവും സംരക്ഷിക്കാൻ സാധിച്ചിരുന്നു.