തൃക്കരിപ്പൂർ: കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പരിഹസിച്ച് വലിയപറമ്പ, പടന്ന, തൃക്കരിപ്പൂർ തീരപ്രദേശങ്ങളിൽ അനധികൃത പൂഴികടത്ത് തകൃതി. പൊലീസിന്റെയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ചാണ് ടൺകണക്കിന് പൂഴി കടത്തുന്നത്.
കഴിഞ്ഞദിവസം വലിയപറമ്പയിലെ മാവിലാകടപ്പുറത്തു നിന്നും പൂഴികടത്തുകയായിരുന്ന തോണി നാട്ടുകാർ പിടികൂടി നശിപ്പിച്ചിരുന്നു. മാവിലാകടപ്പുറം പന്ത്രണ്ടിൽ വെളുത്തപൊയ്യ ഭാഗത്തെ പുഴയിൽ നിന്നാണ് ഇരുട്ടിന്റെ മറവിൽ അനധികൃത മണലെടുപ്പ് നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എതിർപ്പുമായി രംഗത്തിറങ്ങുകയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് അംഗീകൃത മണൽവാരൽ കടവുകൾ നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് അനധികൃതമായി മണൽകടത്ത്.
കവ്വായി കായലിലെ അനധികൃത മണലെടുപ്പ് മൂലം കരയിടിച്ചലും കുടിവെള്ള ക്ഷാമവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നുവെന്ന് നാട്ടുകാർക്കിടയിൽ നേരത്തെ തന്നെ പരാതിയുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പ്, ആയിറ്റി തുടങ്ങിയ കവ്വായി കായലോരങ്ങളിൽ നിന്നും അർദ്ധരാത്രിയോടെ ശേഖരിക്കുന്ന മണൽ പുലർച്ചെയാണ് ആവശ്യക്കാർക്കെത്തിച്ചു കൊടുക്കുന്നത്.
പൊലീസ് അനങ്ങിയാൽ വിവരം കിട്ടും
പുലർച്ചെ 4 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിലാണ് പിക്കപ്പ് ലോറികളിൽ മണൽ കടത്തുന്നത്. പൊലീസിന്റെ നിരീക്ഷണമോ സാന്നിദ്ധ്യമോ ഉണ്ടോയെന്നറിയാൻ, മെസഞ്ചർ ബൈക്കിൽ റൂട്ട് പരിശോധനയ്ക്കായി മുമ്പെ പുറപ്പെടുന്നു. അയാൾ കൊടുക്കുന്ന സിഗ്നൽ പ്രകാരമാണ് പൂഴിലോറിയുടെ സഞ്ചാരം. തിരിച്ചെത്തുമ്പോൾ മണലിന്റെ ഒരംശവുമില്ലാതെ വെള്ളമൊഴിച്ച് ക്ലീനാക്കി വാഹനം പാർക്ക് ചെയ്യും. അതിരാവിലെ മൊബൈൽ ഫോണുമായി കറങ്ങുന്ന മെസഞ്ചർമാർ തൃക്കരിപ്പൂരിലെ സ്ഥിരം കാഴ്ചയാണ്. പൊലീസ് അധികൃതരുടെ ശ്രദ്ധ കൊവിഡ് പ്രതിരോധത്തിലും ലോക്ക്ഡൗണിലുമൊക്കെ കേന്ദ്രീകരിക്കുന്ന തക്കം നോക്കിയാണ് തന്ത്രപൂർവ്വമുള്ള മണൽകടത്ത്.