നീലേശ്വരം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് വീട് പൂർണ്ണമായും കത്തിനശിച്ചു. തൈകടപ്പുറം നടുക്ക പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തെ ടൈലർ എൻ.വി. കൃഷ്ണന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അടുക്കളയിൽ ഗ്യാസ് അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കൃഷ്ണന്റെ ഭാര്യ പുറത്ത് തുണി അലക്കുന്നതിനിടയിലാണ് വൻ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഓല മേഞ്ഞ വീട് പൂർണ്ണമായും കത്തിനശിച്ചത്.
15 മീറ്റർ ഉരത്തിലുള്ള വീടിന്റെ തൊട്ടടുത്തുള്ള തെങ്ങും തീ പടർന്ന് നശിച്ചു. ഈ സമയത്ത് അകത്താരുമില്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീടിന്റെ ചുറ്റുപാടുമുള്ളവരും നാട്ടുകാരും വെള്ളമൊഴിച്ചും മണൽ വാരിയെറിഞ്ഞും തൊട്ടടുത്ത വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. നാലു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുടമ കൃഷ്ണൻ പറഞ്ഞു.
കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സും നീലേശ്വരം പൊലീസും സ്ഥലത്തെത്തി. നഗരസഭ ചെയർമാൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർ വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.