prathikal
റിമാൻഡിലായ കഞ്ചാവ് കേസ് പ്രതികൾ

കാസർകോട്: ടൂറിസ്റ്റ് ബസിൽ കാസർകോട്ടേക്ക് കടത്തുകയായിരുന്ന 240 കിലോ കഞ്ചാവുമായി കാസർകോട് പൊലീസ് അറസ്റ്റുചെയ്ത മൂന്ന് പ്രതികളെ കാസർകോട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബസ് ഉടമയുടെ മകൻ ചെർക്കള ചേരൂർ മേനംകോട് പള്ളിക്ക് സമീപത്തെ എം.എ. മുഹമ്മദ് റയീസ് (23), ബസ് ഡ്രൈവർ ചെർക്കള ബേർക്ക സി.എം. ക്വോർട്ടേഴ്സിലെ മുഹമ്മദ് ഹനീഫ (49) പെരിയാട്ടടുക്കം ചെറമ്പ ക്വാർട്ടേഴ്സിലെ മൊയ്തീൻകുഞ്ഞി (28) എന്നിവരെയാണ് കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

കഞ്ചാവ് കടത്ത് കേസിൽ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. കാസർകോട് കേന്ദ്രീകരിച്ചു മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘത്തെ അമർച്ച ചെയ്യുമെന്നാണ് കഞ്ചാവ് സംഘത്തെ കുടുക്കിയ അന്വേഷണ സംഘത്തലവൻ കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദൻ പറയുന്നത്. അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇവരെ ചോദ്യം ചെയ്താൽ കഞ്ചാവ് കടത്ത് മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. വിദ്യാനഗർ ചെട്ടുംകുഴിയിൽ വച്ചാണ് കഴിഞ്ഞ ദിവസം രാവിലെ കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദൻ, വിദ്യാനഗർ സി.ഐ. ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടൂറിസ്റ്റ് ബസിന്റെ പിൻഭാഗത്ത് ചാക്കിൽകെട്ടിയ നിലയിൽ സൂക്ഷിച്ചുവെച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് പാക്കറ്റുകൾ ബദിയടുക്ക പെർള വഴിയാണ് കാസർകോട്ടേക്ക് കടത്തിയിരുന്നത്.