ഇരിട്ടി: ഓക്സിജൻ ഇല്ലാത്ത ആഴമുള്ള കിണറിൽ വീണ പശുവിനെ ഇരിട്ടി അഗ്നിശമനസേന പുറത്തെടുത്തു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കുമ്പകോട് ജംഗ്ഷനിലെ പള്ളത്തുകാലായിൽ ബിനീഷിന്റെ രണ്ടര വയസുള്ള പശുവാണ് 25 കോൽ ആഴമുള്ള കിണറിൽ വീണത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊഴുത്തിന് സമീപത്തെ കിണറിൽ വലിയ ശബ്ദത്തോടെ പശു വീഴുകയായിരുന്നു.
ആഴമുള്ള കിണറിൽ ഓക്സിജൻ ഇല്ലാത്തതിനാൽ ആളുകൾക്ക് ഇറങ്ങാൻ സാധിച്ചില്ല. അഗ്നിശമന സേനയുടെ ഓക്സിജൻ സെറ്റ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ കിണറിൽ ഇറങ്ങി. സേനയുടെയും സിവിൽ ഡിഫൻസ്, നാട്ടുകാർ എന്നിവരുടെയും പ്രവർത്തനത്തിലൂടെയാണ് പശുവിനെ പുറത്തെടുത്തത്.
കിണറിന് വെളിയിൽ എത്തിച്ച പശുവിന് സേനാംഗങ്ങൾ സി.പി.ആർ നൽകിയെങ്കിലും ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നിർദ്ദേശ പ്രകാരം ലീഡിംഗ് ഫയർമാൻ സുരേന്ദ്രബാബു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സന്ദീപ്, വിജീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ ജോർജ്ജ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അനീഷ് പാലവിള, ആദർശ്, വിഷ്ണു പ്രകാശ്, ഹോംഗാർഡുമാരായ പ്രസന്നൻ, ബാലകൃഷ്ണൻ, സിവിൽ ഡിഫൻസ് റീജിണൽ ചീഫ് വാർഡൻ അനീഷ് കീഴ്പ്പള്ളി, പോസ്റ്റ് വാർഡൻ നിധീഷ് ജേക്കബ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ബി. അരുൺ, വാർഡൻ ഡോളമി മുണ്ടാനൂർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.