abuse

പ്രതിയെ പിടികൂടിയത് ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ

കാസർകോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവായ കാസർകോട് സ്വദേശിയെ ഡിവൈ. എസ്. പിയുടെ ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ വനിതാ സി.ഐ ഷാജി ഫ്രാൻസിസും സംഘവും അറസ്റ്റ് ചെയ്തു. വിരമിക്കുന്നതിന് മുമ്പ് ഈയാളെ പിടികൂടണമെന്ന ആഗ്രഹം പൂർത്തിയാക്കിയാണ് ഇവർ സർവീസിൽ നിന്നും പിരിഞ്ഞത്.

വിരമിക്കുന്നതിന്റെ തലേന്ന് വനിതാ സി ഐയുടെ ആഗ്രഹം സഫലീകരിച്ചു നൽകുകയായിരുന്നു കാസർകോട്ടെ ക്രൈം സ്ക്വോഡ് അംഗങ്ങൾ. വിരമിക്കുന്നതിന് മുമ്പ് പോക്സോകേസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആഗ്രഹം സി.ഐ. കാസർകോട് ഡിവൈ. എസ്.പി പി.പി സദാനന്ദനെ അറിയിച്ചിരുന്നു. 32 വർഷത്തെ സർവ്വീസിന് ശേഷം വിരമിക്കുന്ന വനിതാ സി ഐക്ക് നൽകുന്ന ഉപഹാരം ഇതായിരിക്കണമെന്ന് ഡിവൈ.എസ്.പി ജില്ലാ ക്രൈം സ്ക്വാഡിന് നിർദേശം നൽകിയതിനെ തുടർന്ന് സഹായിക്കാനുള്ള ദൗത്യം ക്രൈം സ്‌ക്വോഡ് ഏറ്റെടുക്കുകയായിരുന്നു.

പലതവണയായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് മകളെ കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിൽ പാർപ്പിച്ചിരുന്നു. പെൺകുട്ടിക്ക് വയറുവേദന ആണെന്ന് ഹോസ്റ്റൽ അധികാരികൾ അറിയിച്ച പ്രകാരം അമ്മ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. പിന്നാലെ പിതാവ് കുട്ടിയെയും കൂട്ടി മംഗളൂരു, ഉഡുപ്പി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടർ ഈ വിവരം പൊലീസിൽ അറിയിച്ച പ്രകാരം ഏപ്രിൽ അഞ്ചിന് കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതറിഞ്ഞ പ്രതി മംഗളുരുവിലേക്ക് മുങ്ങി. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്തപ്പോഴാണ് പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. മംഗളുരു, ഉള്ളാൾ, ഉടുപ്പി എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി മേയ് 14 ന് കണ്ണൂരിലും കുറച്ചുദിവസത്തിന് ശേഷം കോഴിക്കോട് തെരുവിൽ അലഞ്ഞു നടക്കുന്ന വരെ പാർപ്പിക്കുന്ന കൊവിഡ് പ്രിവൻഷൻ ക്യാമ്പിലും എത്തി. കോഴിക്കോട് കൊവിഡ് ഡിറ്റൻഷൻ സെൻററിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്

കൊവിഡ് ഭീഷണി വകവെക്കാതെ കേരളത്തിലും കർണ്ണാടകയിലും അന്വേഷണം നടത്തിയ ക്രൈം സ്ക്വോഡ് എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, നാരായണൻ നായർ , എ. എസ്. ഐ ലക്ഷ്മി നാരായണൻ, അബൂബക്കർ കല്ലായി, എസ് .സി. പി. ഒ മാരായ ശിവകുമാർ ഉദിനൂർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ്, ബിന്ദു, ഷൈലജ, സനില എന്നിവരുടെ സംഘമാണ് പ്രതിയെ കുടുക്കിയത്.