thayyal
തൊഴിലില്ലാതെ വീട്ടിലെ മെഷീനു മുന്നിലിരിക്കുന്ന തയ്യൽകാരനായ പത്തായക്കുന്നിലെ നൊച്ചോളി ഗംഗാധരൻ

പാനൂർ : കൊവിഡ് മഹാമാരിയെ തുടർന്ന് തുടർച്ചയായ രണ്ടാം സ്കൂൾ സീസണും നഷ്ടപ്പെട്ട് ജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് തയ്യൽതൊഴിലാളികൾക്ക്. ഉത്സവസീസണുകൾ കൂടി നേരത്തെ നഷ്ടപ്പെട്ടതുമൂലം നിത്യവൃത്തിയ്ക്ക് കഷ്ടപ്പെടുന്ന സാഹചര്യമാണ് മിക്ക തയ്യൽതൊഴിലാളികൾക്കും.

കഴിഞ്ഞ പെരുന്നാൾ സീസണിൽ വാങ്ങിയ തുണികൾ തന്നെ കടയിൽ പൊടി പിടിച്ചുകിടക്കുന്ന സ്ഥിതിയാണ്. തയ്യൽക്കാരുടെ ഉപജീവനത്തിൽ ഏറെ പ്രതീക്ഷ നല്കുന്നത് ഓരോ വർഷവും കടന്നുവരുന്ന സ്കൂൾ സീസണുകളാണ്. കൂടുതലും റെഡിമെയ്ഡുകളുടെ പിന്നാലെ ആളുകൾ പോകുമ്പോൾ സ്കൂൾ യൂണിഫോം തയ്പിക്കുകയാണ് പതിവ്. കഴിഞ്ഞ സ്കൂൾ സീസണും കൊവിഡിന്റെ ഒന്നാംവരവിൽ ഇവർക്ക് നഷ്ടപ്പെട്ടിരുന്നു. ഓണം,​വിഷു,​ പെരുന്നാൾ,​ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും ഇവർക്ക് നഷ്ടമായിരുന്നു. മറ്റ് പല കടകൾക്കും നിബന്ധനകളോടെ ഇളവ് അനുവദിക്കുമ്പോൾ ടൈലർമാരുടെ കാര്യം അപ്പാടെ മറന്ന മട്ടാണ് സർക്കാർ.

ഒന്നാം ലോക്ക് ഡൗൺ കാലത്ത് തനത് ഫണ്ടില്ലാത്ത തയ്യൽ തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്ന് സർക്കാരിന്റെ സഹായത്തോടെ തൊഴിലാളികൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകിയിരുന്നു. എന്നാൽ ആ കാലയളവിനെക്കാളും ദുരിതത്തിലാണ് ഇക്കുറി തങ്ങളുടെ അവസ്ഥയെന്ന് തയ്യൽ തൊഴിലാളികൾ പറയുന്നു.

ആകെ തുന്നിയത് മരിച്ചവർക്കുള്ള രണ്ട് ഉടുപ്പുകൾ

പത്തായക്കുന്നിലെ തയ്യൽ തൊഴിലാളിയായ നൊച്ചോളി ഗംഗാധരൻ പറയുന്നതിങ്ങനെ ​-' വാടക കൊടുക്കാനാവാത്തതിനാൽ വീട്ടിൽ ഇരുന്നാണ് തയ്ക്കുന്നത്. വായ്പയെടുത്താണ് മാസങ്ങൾക്ക് മുമ്പ് ഓവർലോക്ക് മെഷീനും മറ്റു തുന്നൽ സാമഗ്രികളും വാങ്ങിയത്. കുടുംബച്ചെലവിന് പുറമെ മാസത്തിലൊരു തുക ഇതിനായി മാറ്റി വെക്കണം . ആകെ ഈ ലോക്ക് ഡൗൺ കാലത്ത് മരി്ച്ചവർക്ക് വേണ്ടിയുള്ള രണ്ട് ഉടുപ്പുകൾ മാത്രമാണ് തയ്ക്കാൻ കിട്ടിയത്.