തളിപ്പറമ്പ്: മരണശേഷം സ്വന്തം അസ്ഥികൂടം ജോലിചെയ്ത മെഡിക്കൽ കോളേജിന് സംഭാവന ചെയ്യാൻ തയ്യാറായി ആർട്ടിസ്റ്റ് തൃക്കരിപ്പൂർ രവീന്ദ്രൻ. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് അസ്ഥികൂടം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം അസ്ഥികൂടം മെഡിക്കൽ കോളേജിന് നൽകാനുള്ള സമ്മതപത്രം നൽകിയത്. പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ് സമ്മതപത്രം ഏറ്റുവാങ്ങി. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ്, രവീന്ദ്രന്റെ ഭാര്യ കെ.വി. ഉഷ എന്നിവർ സംബന്ധിച്ചു.

അസ്ഥികൂടം സൂക്ഷിക്കാനുള്ള ഷെൽഫിനോടൊപ്പം മൃതദേഹം അടക്കംചെയ്യാനുള്ള പേടകവും ഇതോടൊപ്പം നൽകുമെന്നും അനുമതി പത്രത്തിൽ പറയുന്നു. പേടകത്തിൽ ഒരുഫീറ്റ് ചുറ്റളവിൽ മൃതദേഹത്തിന് ചുറ്റും പൂഴിമണൽ നിറച്ച് കുഴിച്ചിട്ട ശരീരത്തിൽ നിന്ന് നാല് മാസം പിന്നിട്ടാൽ അസ്ഥികൾ പുറത്തെടുക്കാൻ കഴിയും. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളായ മാലിയസ്, ഇങ്ക്സ്, സ്റ്റാപിസ് എന്നിവയുൾപ്പെടെയുള്ളവ നഷ്ടപ്പെട്ടുപോകാതെ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

നിലവിൽ പഠനാവശ്യങ്ങൾക്ക് മൃതദേഹം വിട്ടുകൊടുക്കാൻ അനുമതിയുള്ളതിനാൽ നിരവധിയാളുകൾ മരണാനന്തരം മൃതദേഹം ദാനം ചെയ്യുന്നുണ്ട്. ഇതിനായി സമ്മതപത്രങ്ങളും രജിസ്റ്റർ ചെയ്യാറുണ്ട്. എന്നാൽ അസ്ഥികൂടം മാത്രമായി ദാനം ചെയ്യാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയും നിലവിലുണ്ട്. അതേസമയം സമ്മതപത്രം നൽകിയെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു നയം രൂപീകരിക്കാത്തതിനാൽ പ്രത്യേക നിയമനിർമ്മാണം തന്നെ വേണ്ടിവരുമെന്നാണ് മെഡിക്കൽ രംഗത്തെ ഉന്നതർ പറയുന്നത്.

സർക്കാർ അസ്ഥിദാനത്തിന് നിയമം കൊണ്ടുവന്നാൽ മാത്രമേ രവീന്ദ്രന്റെ ആഗ്രഹം നടപ്പിലാകുകയുള്ളൂ. അതുകൊണ്ടുതന്നെ ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും അപേക്ഷകൾ നൽകും. മെഡിക്കൽ കോളേജ് കാമ്പസിലെ ഹൃദയശിൽപ്പം ഉൾപ്പെടെ നിർമ്മിച്ച രവീന്ദ്രൻ ഈ മാസം വിരമിക്കേണ്ടതായിരുന്നുവെങ്കിലും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെ തുടർന്ന് വിരമിക്കൽ പ്രായം 60 ആയതിനാൽ ജോലിയിൽ തുടരും.