കണ്ണൂർ: ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്ന കണ്ണൂർ സർവ്വകലാശാല മുൻ റജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തിന് പൂർവ്വവിദ്യാർത്ഥികളും സഹപ്രവർത്തകരും ആദരം സമർപ്പിക്കുന്നു. മാടായി കോളേജ് മലയാളവിഭാഗം മേധാവിയായിരിക്കെയാണ് ഡോ. ബാലചന്ദ്രൻ കണ്ണൂർ സർവ്വകലാശാലയിൽ റജിസ്ട്രാറായി നിയമിതനാകുന്നത്. അകാരണമായി ജോലിയിൽ നിന്നും നീക്കം ചെയ്ത സിണ്ടിക്കേറ്റ് നടപടിക്കെതിരെ നിയമയുദ്ധം നടത്തിയ വിജയിച്ച ഇദ്ദേഹത്തെ കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ ഇരുപതിലധികം സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് വഴിയാണ് പിന്നീട് പുറത്താക്കിയത്. തുടർന്ന് നേരത്തെ ജോലി ചെയ്ത മാടായി കോളേജിൽ പുനർനിയമനം നല്കി.

ഡോ. ബാലചന്ദ്രൻ ഫോക്‌ ലോർ മേഖലയിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന ഗവേഷകനാണ്. കാലിക്കറ്റ്, കണ്ണൂർ, മഹാത്മാഗാന്ധി സർവ്വകലാശാലകളിൽ പഠനബോർഡുകളിലും വിവിധ കമ്മിറ്റികളികളിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേർസ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇദ്ദേഹം മികച്ച സംഘാടകനുമാണ്. കണ്ണൂർ സർവ്വകലാശാലയിലുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലും പങ്കുവഹിച്ച അദ്ദേഹം കരിവെള്ളൂരിലെ കീഴോത്ത് അദ്ധ്യാപക കുടുംബത്തിലെ അംഗമാണ്. ഇന്ന് കാലത്ത് 10.30ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന ആദരസമർപ്പണം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും.