കണ്ണൂർ: ആഗോളതാപനം മുതലായ വെല്ലുവിളികൾ നേരിടുന്നതിന് കാടുകൾ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന ലിറ്റിൽ ഫോറസ്റ്റ് ചലഞ്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവുകൾ ഏറെ പ്രധാനപ്പെട്ടതാണ്. വിശ്വാസത്തിന്റെ പേരിൽ പഴമക്കാർ കാവുകളിലെ മരങ്ങൾ സംരക്ഷിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ഏറി വരുന്ന സാഹചര്യത്തിൽ ഇന്ന് മരങ്ങൾ നട്ടുവളർത്തുന്നതിന് ബോധപൂർവ്വമായ ശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ചട്ടുകപ്പാറ ജില്ലാ പഞ്ചായത്ത് വ്യവസായ കേന്ദ്രത്തിന് സമീപം മന്ത്രി 'സോങ്കോയ' വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ സുരേഷ് ബാബു, യു.പി ശോഭ, അഡ്വ. ടി. സരള, കെ. രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗളായ എൻ.വി ശ്രീജിനി, കെ. താഹിറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. റിഷ്ണ (മയ്യിൽ), പി.പി റെജി (കുറ്റിയാട്ടൂർ), ഹരിത കേരളം ജില്ലാ കോഓർഡിനേറ്റർ എ. സോമശേഖരൻ, എ.വി അജയൻ എന്നിവർ പങ്കെടുത്തു.