മാഹി: ലോക്ക് ഡൗണിനെ തുടർന്ന് മാഹിയിലെ 63 മദ്യഷാപ്പുകളും പൂട്ടി സീൽ ചെയ്‌തെങ്കിലും, മാഹിയിൽ മാത്രം വിൽപ്പനയുള്ള മദ്യങ്ങൾ സുലഭമായി ഒഴുകുന്നത് തുടരുന്നു. എം.എച്ച്, കൊറിയൻ നെപ്പോളിയൻ, ഗ്രീൻ ഡോൺ തുടങ്ങിയ ബ്രാന്റുകളാണ് കെയ്സ് കണക്കിന് വിറ്റഴിക്കുന്നത്. 280 രൂപ വിലയുള്ള മദ്യം 900 രൂപയ്ക്കാണ് 'ബ്ളാക്ക്" വില്പന. പന്തക്കൽ മേഖലയിലാണ് ഇത് പ്രധാനമായും വിൽക്കുന്നത്.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഇത്തരത്തിൽ പുറം വിൽപ്പന നടത്തിയ മദ്യഷാപ്പുകൾക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു. ഒരു ഷോപ്പ് സസ്പെന്റ് ചെയ്യുകയും, മറ്റൊരു ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ മെയിൻ റോഡിലെ ഒരു ഷോപ്പിന്റെ പിൻഭാഗത്തെ ചുമര് തുരന്ന്, മദ്യം കടത്തിയ സംഭവം പോലുമുണ്ടായിട്ടുണ്ട്.
അതിനിടെ, അനധികൃത മദ്യക്കടത്തിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചില മദ്യഷോപ്പിലെ ജീവനക്കാർ തന്നെയാണ് മറിച്ച് വിൽപ്പന നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം കേസുകളിൽ സംഘടന ഇടപെടില്ലെന്നും ലിക്കർ അസോസിയേഷൻ ഭാരവാഹികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.
റോഡ് വഴിയും, റെയിൽ വഴിയുമുള്ള മാഹിയിലേക്കുള്ള മദ്യക്കടത്ത് തുടർച്ചയായി പിടികൂടപ്പെട്ടതോടെ, ഇപ്പോൾ ഹൈസ്പീഡ് തോണിയുപയോഗിച്ചാണ് മംഗളൂരുവിൽ നിന്നും കർണാടക മദ്യം കടത്തിക്കൊണ്ടു വരുന്നത്.
കേവലം അഞ്ച് മണിക്കൂറിനകം തോണിക്ക് ഇത്രയും ദൂരം ഓടിയെത്താനാവുമെന്നത് ഏറേ സൗകര്യപ്രദവുമാണ്.
കണ്ണുതള്ളിക്കുന്ന
ലാഭക്കണക്ക്
മംഗളൂരുവിൽ നിന്ന് ഒരു കെയ്സ് മദ്യം കടത്തിക്കൊണ്ടുവന്ന് വിറ്റാൽ 12,000 രൂപയെങ്കിലും കടത്തുകാർക്ക് ലാഭം കിട്ടും. 300 രൂപയുടെ മദ്യം 1500 രൂപക്കാണ് ഇവർ വിൽക്കുന്നത്. കൈ നനയാതെ മീൻ പിടിക്കാമെന്നതിനാൽ, നിരവധി ചെറുപ്പക്കാർ ഈ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ടെന്നും പറയുന്നു.
വ്യാജൻ തേടിയും
ആളുകൾ
അതിനിടെയാണ് ചില വീടുകളിലടക്കം വ്യാജമദ്യ നിർമ്മാണം തകൃതിയായി നടക്കുന്നതെന്ന വിവരവും. 600 രൂപ മുടക്കിയാൽ രണ്ടര ലിറ്റർ ചാരായം കിട്ടും. ഒരു ലിറ്ററിന് കൊവിഡിന് മുമ്പ് 700 രൂപയായിരുന്നുവെങ്കിൽ, അതിപ്പോൾ 1700 രൂപയായിട്ടുണ്ടത്രെ. ഇതിന് ആവശ്യക്കാരും വർദ്ധിച്ചിട്ടുണ്ട്.