പാലക്കുന്ന്: പ്രതിപക്ഷത്തിന്റെ ബഹളം മൂലം ഉദുമ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം നിർത്തിവച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തുവരുന്ന എൻജിനീയരുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അജണ്ട 31ന് ചേർന്ന ഭരണസമിതി യോഗത്തിൽ ചർച്ചക്കെടുക്കാതെ മാറ്റിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. തുടർന്ന് അജണ്ടയിലുള്ള മറ്റു വിഷയങ്ങൾ ചർച്ചക്കെടുക്കാതെ യോഗം പ്രസിഡന്റ് പി. ലക്ഷ്മി നിർത്തിവയ്ക്കുകയുമായിരുന്നു.
എൻജിനീയർക്ക് കാലാവധി നീട്ടിത്തരണമെന്നുള്ള അവരുടെ അപേക്ഷയിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ്, ബി.ജെ.പി അംഗങ്ങൾ കത്ത് നൽകിയിരുന്നു. യു.ഡി.എഫിലെ ഒമ്പതും ബി.ജെ.പിയിലെ രണ്ടും അംഗങ്ങളാണ് കത്ത് നൽകിയത്. എന്നാൽ കരാർ നിയമനം അനുസരിച്ച് ആഗസ്റ്റ് വരെയുള്ള അവരുടെ കാലാവധി നീട്ടുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ സാങ്കേതികമായ പിശകുണ്ടെന്നും മുൻകൂട്ടി അപേക്ഷ നൽകിയത് നിയമപരമായി നിലനിൽക്കില്ലെന്നും15 ദിവസം മുമ്പ് മാത്രമേ അപേക്ഷ നൽകാൻ പാടുള്ളൂവെന്നും എൽ.ഡി.എഫ് അംഗങ്ങൾ വാദിച്ചു.
തീരുമാനം വോട്ടിനിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം പ്രസിഡന്റ് അഗീകരിച്ചില്ല. ബഹളം തുടർന്നതിനാൽ പ്രസിഡന്റ് യോഗം അവസാനിപ്പിച്ചു. ഭൂരിപക്ഷം അംഗങ്ങളെ മാനിക്കാതെ ജനാധിപത്യ വിരുദ്ധമായി അജണ്ട അനുസരിച്ചുള്ള സഭാ നടപടികൾ നിർത്തുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബേക്കൽ അങ്കൻവാടിയുടെ വൈദ്യുതി കുടിശിഖ സംബന്ധിച്ച അജണ്ടയും ചർച്ച ചെയ്തില്ലെന്നും അവർ പറയുന്നു.
എൻജിനീയറുടെ കാലാവധി ആഗസ്റ്റ് 31 വരെയാണ്. ഇതേ പറ്റിയുള്ള ഉചിതമായ തീരുമാനം അതിന് മുൻപായി ചേരുന്ന യോഗത്തിൽ കൈകൊള്ളും.
പ്രഡിഡന്റ് പി. ലക്ഷ്മി
അജണ്ടയിൽ വന്നത് ജാഗ്രത കുറവ്
മൂന്ന് മാസത്തിന് ശേഷം കാലാവധി തീരുന്ന തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥയുടെ കാലാവധി നീട്ടുന്ന വിഷയം മേയ് മാസത്തെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അജണ്ടയായി വന്നത് ജാഗ്രത കുറവ് മൂലം. സാങ്കേതിക കുരുക്ക് കാരണം നേരത്തെ ഈ വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്നിരിക്കെ അജണ്ടയിൽ ഉൾപ്പെടുത്തിയത് എന്തിന്റെ പേരിലാണെന്ന് സി.പി.എം പരിശോധിക്കുകയാണ്. പഞ്ചായത്തിലെ കോ-ലീ-ബി സഖ്യം തുറന്നുകാട്ടാനും സി.പി.എം ആലോചന തുടങ്ങി.