മട്ടന്നൂർ: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നഗരത്തിൽ വാഹനങ്ങളുടെ തിരക്ക്. നിരവധി സ്വകാര്യ വാഹനങ്ങളാണ് ഇന്നലെ നഗരത്തിലെത്തിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് ഉൾപ്പെടെ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തുണിക്കടകൾ ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ തുറന്ന് പ്രവർത്തിച്ചിരുന്നു. പൊലീസിന്റെ കാര്യമായ പരിശോധനയില്ലാത്തതും വാഹനങ്ങൾ കൂടുതലായും റോഡിലിറങ്ങാൻ കാരണമായി. ടൗണിൽ കണ്ണൂർ റോഡിൽ മാത്രമാണ് ഇപ്പോൾ പരിശോധനയുള്ളത്. രോഗവ്യാപന നിരക്കിൽ കുറവ് വന്നെങ്കിലും മട്ടന്നൂർ നഗരസഭയിൽ ഇപ്പോഴും 50 ന് അടുത്ത് പ്രതിദിന രോഗികളുണ്ട്. കർശന ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും നിർദ്ദേശിക്കുമ്പോഴാണ് നഗരത്തിൽ തിരക്കേറുന്നത്.