kunnamangalam-news
ഷൈജവളപ്പിൽ:-(കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്)

കുന്ദമംഗലം: ഈ അനിശ്ചിതത്വം പെട്ടെന്നൊന്നും നീങ്ങുന്ന മട്ടില്ല. വിദ്യാലയാന്തരീക്ഷം സാധാരണ നിലയിലേക്ക് കടക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. വീണ്ടും ഓൺ ലൈൻ പഠനമോ എന്ന കാര്യമാലോചിച്ച് ആധി കൊള്ളുകയാണ് വിദ്യാർത്ഥികളെന്ന പോലെ രക്ഷിതാക്കളും.

മൊബൈൽ - ലാപ്പ് ടോപ്പ് വിദ്യാഭ്യാസവുമായി ഏറെക്കാലം മുന്നോട്ടുപോകാനാവില്ലെന്ന സാക്ഷ്യപ്പെടുത്തലാണ് ഒട്ടുമിക്ക രക്ഷിതാക്കളുടേതും. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ, സ്വഭാവത്തിൽ ഓൺലൈൻ പഠനം പ്രകടമായ മാറ്റം വരുത്തിയിരിക്കുകയാണെന്ന് പലരും പറയുന്നു. കുട്ടികൾ ഒരുതരം ഉൾവലിയലിലേക്ക് നീങ്ങിയ പോലെ. സ്‌കൂളിലെ കൂട്ടംകൂടലും കളിചിരിയും പോയിമറഞ്ഞത് നല്ലൊരു പങ്കിനും വലിയ ആഘാതമായി.

കൊവിഡ് വ്യാപനം ഏതാണ്ടൊന്ന് ശമിച്ചുവെന്ന അവസ്ഥയിൽ നീണ്ട ഇടവേള പിന്നിട്ട് ഫെബ്രുവരിയോടെ ഭാഗികമായെങ്കിലും വിദ്യാലയങ്ങൾ ഉണർന്നു തുടങ്ങിയതായിരുന്നു. ഇത്തവണ ജൂൺ ഒന്നിനു തന്നെ പുതിയ അദ്ധ്യയനവർഷത്തിന് തുടക്കമാകുമെന്നും കരുതിയതാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം അതിനുള്ള തയ്യാറെടുപ്പിലേക്കും കടന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗം വീശിയടിച്ചതോടെ കാര്യങ്ങളാകെ തകിടം മറിയുകയായിരുന്നു.

ഓൺലൈൻ പഠനത്തോട് വിദ്യാർത്ഥികൾ പൊതുവെ മുഖം തിരിക്കുന്ന സ്ഥിതിയായിരിക്കുകയാണെന്ന് അദ്ധ്യാപകരായ രക്ഷിതാക്കൾ പോലും പറയുന്നു. പരസ്പരം പങ്ക് വെച്ചും ഇണങ്ങിയും പിണങ്ങിയും ഒന്നിച്ച് ഭക്ഷണം കഴിച്ചുമെല്ലാമുള്ള നിമിഷങ്ങൾ നഷ്ടപ്പെട്ടതിന്റെ വിങ്ങലിലാണ് കുട്ടികളേറെയും. പതിവുമട്ടിൽ ക്ലാസ് മുറികൾക്ക് ജീവൻ വെച്ചല്ലാതെ രക്ഷയില്ലെന്ന പക്ഷമാണ് രക്ഷിതാക്കളുടേത്.


 '' പങ്ക് വെക്കലിന്റെ ശീലങ്ങൾ... കൂട്ടംകൂടലിന്റെ ഊഷ്‌മളത... എല്ലാം നഷ്ടപ്പെടുകയാണ് കുട്ടികൾക്ക്. മൊബൈൽ ഫോണിന്റെ നിരന്തര ഉപയോഗം അവരിൽ മാനസിക പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നു. കുട്ടികളുടെ മനസ്സിൽ കരുണയും സ്നേഹവും നന്മയുമൊക്കെ വളർത്തിയെടുക്കാൻ സഹായകമാവുന്ന തരത്തിൽ ഒഴിവുസമയങ്ങൾ മാറ്റിയെടുക്കാൻ കഴിയണം. ഗാർഡനിംഗ്, പെറ്റ്സ് കെയർ എന്നിവയെല്ലാം ഇതിൽ പെടുത്താം.
ഷൈജ വളപ്പിൽ,

മുൻ പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

''ഓൺലൈൻ വിദ്യാഭ്യാസം വന്നതോടെ കുട്ടികളിൽ ഉന്മേഷം കുറഞ്ഞു. പകരം മടി, വാശി, ദേഷ്യം... ഇവയൊക്കെ കൂടുകയാണ്. കുട്ടികൾ ഉണരാൻ വൈകുന്നു. സ്കൂൾ ജീവിതത്തിന്റെ അഭാവം അവരുടെ മാനസിക വളർച്ചയെ നന്നായി ബാധിച്ചിട്ടുണ്ട്. രാവിലെ മുതൽ ഫോൺ ഉപയോഗിക്കുന്നത് കാഴ്ചയ്ക്കും പ്രശ്നമാവുകയാണ്. എന്റെ വീട്ടിലെ ആറു വയസ്സുകാരി ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ പിന്നെ വിടാതെ പരതുന്നത് യു ട്യൂബിലാണ്.

ലീന വാസുദേവൻ,

മുൻ പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

 ''ക്ലാസ് റൂം പഠനം ഇല്ലാതായത് കുട്ടികളുടെ മനോഭാവത്തിൽ പോലും മാറ്റം വരുത്തിയിട്ടുണ്ട്. ‌ചർച്ച ചെയ്യേണ്ടതും പങ്കുവെക്കേണ്ടതുമായ പഠനവിഷയങ്ങൾക്ക് ഇടമില്ലാതായി. ഓൺ ലൈൻ ക്ലാസുകളിൽ അതിന് പരിമിതികളേറെയാണ്. കുട്ടികളുടെ ഓൺലൈൻ പരീക്ഷകളും പ്രഹസനമാവുകയാണ്. ഇണങ്ങിയും പിണങ്ങിയും സംശയങ്ങൾ ദുരീകരിച്ചും സ്വപ്നങ്ങൾ നെയ്തെടുത്തുമുള്ള ക്ലാസ് റൂം പഠനത്തിന് പകരം വെക്കാൻ മറ്റൊന്നിനുമാവില്ല.

വിജി മുപ്രമ്മൽ,

മുൻ പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

 ''ഓൺ ലൈൻ പഠനം പലപ്പോഴും പച്ചയായ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. പഠനത്തിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതിനേക്കാൾ ഭേദം ഒരു കുപ്പി വിഷമാണ് നല്ലതെന്നു പ്രസംഗിച്ചവർ തന്നെ മൊബൈൽ ഫോൺ വാങ്ങിച്ചു നൽകാൻ നിർബന്ധിതരായി. ഇവിടെ നഷ്ടപെടുന്നത് മാതാപിതാക്കളുടെ സ്വസ്ഥതയും പ്രതീക്ഷയുമാണ്. ഇതിനൊരു പരിഹാരം കണ്ടേ തീരു.

അസ്ബിജ സക്കീ‌ർ ഹുസൈൻ,

മുൻ വാർഡ് മെമ്പർ