bus

മാഹി: പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ കൂടി ഓട്ടം നിർത്തിവച്ചതോടെ, മയ്യഴിയിൽ ബസ് സർവീസുകൾ പൂർണ്ണമായി നിലച്ചു. ബസ് ചാർജിന്റെ അഞ്ചിരട്ടിയെങ്കിലും നൽകിയാലേ സാധാരണക്കാർക്ക് ഓട്ടോ യാത്ര സാദ്ധ്യമാവൂ. സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത മാഹിയിൽ, നാല് പി.ആർ.ടി.സി ബസുകളും, നാല് സഹകരണ സൊസൈറ്റി ബസുകളുമാണ് സർവ്വീസ് നടത്തിയിരുന്നത്. കൊവിഡ് കാലമായതോടെ സഹകരണ ബസുകൾ ഓട്ടം നിർത്തിയിരുന്നു.
ഇന്നലെ മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പി.ആർ.ടി.സി.ബസുകളും ഓട്ടം നിർത്തി. കഴിഞ്ഞ കുറച്ചു കാലമായി ഇന്ധന ചെലവ് പോലും കിട്ടുന്നില്ലെന്നാണ് പരാതി. മാഹിയിൽ പതിനഞ്ച് ജീവനക്കാരാണുള്ളത്. അതിൽ നാല് പേർ ഡ്രൈവർമാരാണ്. ഇവരിലാരെങ്കിലും അവധിയെടുത്താൽ നാലിൽ ഒരു ബസ് നിർത്തിയിടേണ്ടിവരുന്ന സ്ഥിതിയാണ്.
തമിഴ്നാട്ടിൽ നൈറ്റ്കർഫ്യു നിലനിൽക്കുന്നതിനാൽ, മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് നിത്യേനയുള്ള ദീർഘദൂര സർവ്വീസും നിർത്തിവച്ചിരിക്കുകയാണ്. ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക നൽകാനുമുണ്ട്. ബസുകളെല്ലാം പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ളതായതിനാൽ ഇടക്കിടെ വർക്ക്‌ഷോപ്പിൽ കയറ്റേണ്ടിയും വരുന്നു. പി.ആർ.ടി.സി.യുടെയും സഹകരണ സംഘത്തിന്റേയും മുഴുവൻ ബസുകളും നിർത്തിവച്ചതോടെ, മയ്യഴിയിലെ സാധാരണക്കാരായ യാത്രക്കാരുടെ ഏക ആശ്രയം ഓട്ടോറിക്ഷകളായി മാറി.

ഇന്ധനം സ്വകാര്യ ബങ്കിൽ

പുതുച്ചേരിയിൽ പി.ആർ.ടി.സി.ക്ക് ഡീസൽ ബങ്ക് ഉണ്ട്. മാഹിയിലാകട്ടെ സ്വകാര്യ ബങ്കുകളാണ് ആശ്രയം. മറ്റ് സർക്കാർ വാഹനങ്ങൾ സ്വകാര്യ പമ്പിൽ നിന്ന് ക്രെെഡിറ്റ് സമ്പ്രദായത്തിൽ ഇന്ധനമടിക്കുന്നുണ്ട്. അതുപോലെ പി.ആർ.ടി.സി.ബസുകൾക്കും സംവിധാനമുണ്ടാക്കി, കോർപ്പറേഷൻ നേരിട്ട് പണം നൽകുന്ന രീതിയിൽ സംവിധാനമൊരുക്കിയാൽ, സർവീസ് മുടക്കമില്ലാതെ തുടരാനാവും. കൊവിഡിനെത്തുടർന്ന് കേരളത്തിലടക്കം ചാർജ് വർദ്ധിപ്പിച്ചപ്പോഴും മാഹിയിൽ ടിക്കറ്റ് ചാർജ് കൂട്ടിയിരുന്നില്ല. യാത്രക്കാരുടെ ഗണ്യമായ കുറവും കൂടിയായതോടെ വരുമാനത്തിൽ വലിയ കുറവ് വരുത്തിയിരുന്നു.


ബസ് സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ചതോടെ മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിൽ യാത്രാക്ലേശം മൂലം ജനങ്ങൾ വലയുകയാണ്. സർക്കാർ ബസുകളെങ്കിലും, ഓട്ടം തുടരാനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം. ലഫ്. ഗവർണ്ണർക്കും, പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയർമാനും ഇക്കാര്യത്തിൽ നിവേദനം നല്കിയിട്ടുണ്ട്.

ഇ.കെ. റഫീഖ്,

ജനശബ്ദം മാഹി ജനറൽ സെക്രട്ടറി