counting

കോഴിക്കോട്: ജനവധി അറിയാൻ ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമാകും. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ എട്ടു മുതൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യമെണ്ണുക. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാൽവോട്ടുകൾ കൂടുതലായതിനാൽ ഇവ എണ്ണിത്തീരും മുമ്പ് 8.15 ഓടെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലാണ് ഫലം ലഭ്യമാവുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും തപാൽ വോട്ടുകളുടെ എണ്ണക്കൂടുതലും മൂലം അവസാനഫലം പതിവിലും വൈകും.

 ഒരു റൗണ്ടിൽ 28 ടേബിളുകൾ

28 ടേബിൾ വീതമാണ് വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 28 ടേബിളുകളിലെയും വോട്ടെണ്ണുന്നതോടെ ഒരു റൗണ്ട് പൂർത്തിയാവും. ഓരോ റൗണ്ടും പൂർത്തിയാവുമ്പോൾ ഫലം പുറത്തുവിടും. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റുകളും എണ്ണും. തപാൽ ബാലറ്റുകളും എണ്ണിക്കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.

 തപാൽവോട്ടിന് പ്രത്യേക ടേബിളുകൾ

തപാൽവോട്ടുകൾ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും ആറ് മുതൽ 12 വരെ ടേബിളുകൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ടേബിളുകൾ. 12 എണ്ണം. കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, ബേപ്പൂർ മണ്ഡലങ്ങളിൽ ആറ് ടേബിൾ വീതമുണ്ട്. നാദാപുരം 11, കോഴിക്കോട് നോർത്ത് 10, വടകര 9, പേരാമ്പ്ര 7, ബാലുശ്ശേരി 10, കുന്ദമംഗലം 9, കൊടുവള്ളി 8 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടണ്ണൽ ടേബിളുകൾ.


 വോട്ടെണ്ണൽ നടപടിക്രമം ഇങ്ങനെ

രാവിലെ അഞ്ചുമണിക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഓരോ ടേബിളിലേക്കും ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വോട്ടെണ്ണൽ ചുമതലയുളള ഉദ്യോഗസ്ഥർ ആറിന് കൗണ്ടിംഗ് സെന്ററിൽ എത്തും. ഉദ്യോഗസ്ഥരുടെ ഹാജർനില ഉറപ്പാക്കി എട്ടുമണിക്ക് എല്ലാവരും വോട്ടെണ്ണലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന് പ്രതിജ്ഞ എടുക്കും. തുടർന്ന് ടേബിളുകളിൽ എത്തിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറക്കും. 500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങുക.
ഇതോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണൽ നടപടികളും ആരംഭിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കും. കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഡയറിയായ 17 സി ഫോമും വോട്ടെണ്ണൽ ടേബിളിൽ എത്തിക്കും.
കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പു വരുത്തും. ഇതിനു ശേഷം ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കും. 28 ടേബിൾ വീതമുള്ള മുഴുവൻ റൗണ്ടും പൂർത്തിയായി കഴിഞ്ഞാൽ അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റുകളും എണ്ണും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം പൂർത്തിയായി കഴിഞ്ഞാൽ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.


 തപാൽ ബാലറ്റ് എട്ടുമണിവരെ സ്വീകരിക്കും

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ തപാൽ ബാലറ്റ് വോട്ടെണ്ണിത്തുടങ്ങുന്നഇന്ന് രാവിലെ എട്ടുവരെ സ്വീകരിക്കും. ഇതിനുശേഷം കിട്ടുന്നവ സമയം രേഖപ്പെടുത്തി മാറ്റിവെയ്ക്കും.

 കൊവിഡ് നിർദേശങ്ങൾ

വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കിയിരിക്കണം
കൗണ്ടിംഗ് ഓഫീസർമാർ കൈയുറ, ഡബിൾ മാസ്‌ക്, ഫെയ്‌സ് ഷീൽഡ് ധരിക്കണം
ആവശ്യമുള്ളവർക്ക് പി.പി.ഇ. കിറ്റ് ധരിക്കാം
പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കും
ഹാളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധം
സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും കൊവിഡ് മാനദണ്ഡങ്ങൾ കർശനം
കൗണ്ടിംഗ് ചുമതലയ്ക്കുശേഷം വീട്ടിലെത്തി വസ്ത്രം സോപ്പ് വെള്ളത്തിൽ കഴുകണം, കുളിക്കണം


 മണ്ഡലം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ

വടകര - ഗവ.കോളേജ്, മടപ്പളളി

കുറ്റ്യാടി - മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ

നാദാപുരം - ഗവ. ഗേൾസ് എച്ച്.എസ്.എസ് മടപ്പളളി

കൊയിലാണ്ടി - ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പയ്യോളി

പേരാമ്പ്ര - പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ

ബാലുശ്ശേരി - മർക്കസ് ഹൈസ്‌കൂൾ ബാലുശ്ശേരി

എലത്തൂർ - വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജ്

കോഴിക്കോട് നോർത്ത് - ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് വെളളിമാടുകുന്ന്

കോഴിക്കോട് സൗത്ത് - മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്.എസ്.എസ്

ബേപ്പൂർ - ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ്

കുന്ദമംഗലം - കോഴിക്കോട് ഗവ. ലോ കോളേജ് വെള്ളിമാടുകുന്ന്

കൊടുവളളി - കെ.എം.ഒ എച്ച്.എസ്.എസ്

തിരുവമ്പാടി - സെയ്ന്റ് അൽഫോൻസ സീനിയർ എസ്.എസ് കോരങ്ങാട്, താമരശ്ശേരി.