കോഴിക്കോട്: വോട്ടണ്ണൽ ദിവസമായ ഇന്നുമുതൽ ഏഴു ദിവസത്തേക്ക് ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ ജില്ലാ കളക്ടർ എസ്. സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും കൊവിഡ് പ്രതിരോധത്തിന്റെയും ഭാഗമായാണ് നിരോധനാജ്ഞ. കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്ററുകളുടെ നിശ്ചിത ദൂര പരിധിയിൽ പ്രവേശനമില്ല.
ആഹ്ലാദപ്രകടനങ്ങൾ, ബൈക്ക് റാലി, ഡിജെ എന്നിവ നടത്താൻ പാടില്ല. കണ്ടെയ്‌മെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണുകളിലും ടി.പി.ആർ കൂടുതലുള്ള തദ്ദേശ ഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും.
പാർട്ടി ഓഫീസുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവീസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷൻ റിസൾട്ട് എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കരുത്.
അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ സി.ആർ.പി.സി 144 പ്രകാരം നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.