
കോഴിക്കോട്: പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നും സ്വന്തമാക്കിയ എൽ.ഡി.എഫിന് ഇത്തവണയും മിന്നുംവിജയം.യു.ഡി.എഫിൽ നിന്ന് കോഴിക്കോട് സൗത്ത്, കുറ്റ്യാടി സീറ്റുകൾ പിടിച്ചെടുത്തെങ്കിലും വടകരയും കൊടുവള്ളിയും നഷ്ടപ്പെട്ടു. കെ.കെ. രമയെ രംഗത്തിറക്കിയുള്ള വടകരയിലെ പരീക്ഷണവും കൊടുവള്ളി പിടിച്ചെടുക്കാൻ ഡോ.എം.കെ. മുനീറിനെ നിയോഗിച്ച ലീഗ് തന്ത്രവും ഫലം കണ്ടത് മാത്രമാണ് യു.ഡി.എഫിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. കോൺഗ്രസിന് ഇത്തവണയും ഒരു പ്രതിനിധി പോലുമില്ല. സി.പി.എം ഏഴ് സീറ്റ് നിലനിറുത്തി.
ലീഗിന് ഒരു സീറ്റ് ചോർന്നുപോയി.കോഴിക്കോട് സൗത്തിൽ ലീഗിന്റെ വനിതാ സ്ഥാനാർത്ഥി നൂർബിന റഷീദിന് സീറ്റ് നിലനിറുത്താനായില്ല. ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിൽ ഇവിടെ വിജയം നേടി.എം.കെ. മുനീർ സിറ്റിംഗ് എം.എൽ.എ കാരാട്ട് റസാഖിനെ വീഴ്ത്തിയാണ് കൊടുവള്ളി പിടിച്ചത്.
മന്ത്രി എ.കെ. ശശീന്ദ്രനാണ് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം. യു.ഡി.എഫിന്റെ സുൽഫിക്കൽ മയൂരിയെ 38,502 വോട്ടിനാണ് എലത്തൂരിൽ പരാജയപ്പെടുത്തിയത്. 333 വോട്ടിന് കുറ്റ്യാടിയിൽ ജയിച്ച കെ.പി കുഞ്ഞമ്മദ്കുട്ടിയ്ക്കാണ് കുറഞ്ഞ ഭൂരിപക്ഷം.കേരള കോൺഗ്രസിന് കൊടുത്തെങ്കിലും പ്രതിഷേധം കാരണം സി.പി.എമ്മിന് അവർ തിരിച്ചു കൊടുത്ത മണ്ഡലമാണിത്.മന്ത്രി ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ മികച്ച വിജയം നേടി.
ബേപ്പൂരിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ തവണ ഇവിടെ വി.കെ.സി മമ്മദ് കോയ നേടിയതിന്റെ ഇരട്ടിയോളം ഭൂരിപക്ഷം കരസ്ഥമാക്കി.
ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിയെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് മലർത്തിയടിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്തിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനോട് കീഴടങ്ങി.