
കൽപ്പറ്റ: ആഞ്ഞുവീശിയ തരംഗത്തിനിടയിലും വയനാട്ടിൽ ഇടതു മുന്നണിയ്ക്ക് കാലിടറി. മൂന്ന് സീറ്റിൽ രണ്ടും കഴിഞ്ഞ തവണ സ്വന്തമാക്കിയ മുന്നണി ഇക്കുറി ഒന്നിലൊതുങ്ങി. കൽപ്പറ്റയിൽ എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിന് ദയനീയ തോൽവി.ചുരം കയറി വന്ന കെ.പി.സി.സി ഉപാദ്ധ്യക്ഷൻ അഡ്വ.ടി.സിദ്ദീഖ് ഇവിടെ അട്ടിമറി വിജയം നേടി.
മാനന്തവാടി ഇടതുമുന്നണിയിലെ ഒ.ആർ. കേളു നിലനിറുത്തി. സുൽത്താൻ ബത്തേരി ഡി.സി.സി പ്രസിഡന്റ് കൂടിയായ ഐ.സി.ബാലകൃഷ്ണൻ വിട്ടുകൊടുത്തില്ല. ഈയിടെ സി.പി.എമ്മിൽ ചേർന്ന കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥനായിരുന്നു എതിരാളി.
മുൻ മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ.ജയലക്ഷ്മിയെയാണ് രണ്ടാംതവണയും ഒ. ആർ. കേളു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 1307 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണ 9282 വോട്ട് അധികം നേടി.
സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കോൺഗ്രസിൽ രാജിപരമ്പര തന്നെയുണ്ടായി.കെ.പി.സി ഉപാദ്ധ്യക്ഷയും മുൻ എം.എൽ.എയുമായ കെ.സി.റോസക്കുട്ടി, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ തുടങ്ങിയവർ രാജിവച്ച് ഇടതു മുന്നണിക്കൊപ്പം ചേർന്നു. ഇടതു മുന്നണിക്ക് അതുകൊണ്ടു ഗുണമുണ്ടായില്ല.