sachin
സച്ചിൻദേവ്

കോഴിക്കോട്: ധർമജൻ ബോൾഗാട്ടിയുടെ താരപ്രഭ ബാലുശ്ശേരിയിലെ ഇടതുകോട്ടയ്ക്ക് മുന്നിൽ നിഷ്പ്രഭമായി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവിന്റെ പോരാട്ടത്തിന് മുന്നിൽ യു.ഡി.എഫ് അടിപതറി വീണു. 20372 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് സച്ചിൻദേവിനെ ബാലുശ്ശേരിക്കാർ വിജയിപ്പിച്ചത്.

പ്രചാരണത്തിൽ ഓളമുണ്ടാക്കിയെങ്കിലും അതൊന്നും വോട്ടാക്കി മാറ്റാൻ ധർമജനായില്ല. പ്രചാരണ യോഗങ്ങളിലും സെൽഫിയെടുക്കാനും ആളുകൂടിയതല്ലാതെ ബാലുശേരി ചുവന്ന കോട്ടയായി തുടർന്നു. കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസും യു.ഡി.എഫും പ്രചാരണത്തിൽ സജീവമായത് കാര്യമായ വെല്ലുവിളികൾ ഇല്ലാതെ എൽ.ഡി.എഫ് വിജയിച്ചു വരുന്ന ബാലുശ്ശേരിയിൽ വലിയ പോരാട്ടത്തിന്റെ പ്രതീതിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ പുരുഷൻ കടലുണ്ടി നേടിയ 15464 എന്ന ഭൂരിപക്ഷത്തെ മറികടന്നാണ് സച്ചിന്റെ മിന്നും ജയം. ബി.ജെ.പി സ്ഥാനാർത്ഥി ലിബിൻ ബാലുശേരിയ്ക്കും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. സച്ചിൻദേവ് 91839 വോട്ടും ധർമജൻ 71467 വോട്ടും സ്വന്തമാക്കി. ലിബിൻ ബാലുശ്ശേരി 16490 വോട്ടുകളാണ് നേടിയത്. ധർമജന് സീറ്റ് നൽകുന്നതിൽ യു.ഡി.എഫിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.