കോഴിക്കോട് : കോഴിക്കോടിന് അഭിമാനമായി രണ്ട് വനിതകൾ നിയമസഭയിലെത്തും. വടകരയിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമയും കൊയിലാണ്ടിയിൽ നിന്ന് വിജയിച്ച കാനത്തിൽ ജമീലയും ഒരു ഇടവേളയ്ക്കുശേഷം നിയമസഭയിൽ കോഴിക്കോടിന്റെ വനിതാ ശബ്ദമാകും.
മൂന്ന് മുന്നണികളിൽ നിന്നായി നാല് വനിതകളാണ് ജില്ലയിൽ ജനവിധി തേടിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയ്ക്കും കെ.കെ. രമയ്ക്കും പുറമെ കോഴിക്കോട് സൗത്തിൽ നിന്ന് അഡ്വ. നൂർബിന റഷീദും ബി.ജെ.പിയുടെ നവ്യ ഹരിദാസുമായിരുന്നു മറ്റു രണ്ടുപേർ. ഇടത് തരംഗത്തിനിടയിലും വടകര പിടിച്ച കെ.കെ. രമ താര പരിവേഷത്തോടെയാണ് സഭയിലെത്തുക. മനയത്ത് ചന്ദ്രനെ 7491 വോട്ടിനാണ് രമ പരാജയപ്പെടുത്തിയത്. മൂന്ന് അപരന്മാരുടെ വെല്ലുവിളിയും അതിജീവിച്ചാണ് രമ അഭിമാന വിജയം നേടിയത്. ജില്ലയിൽ വലിയ തിരിച്ചടി നേരിട്ട യു.ഡി.എഫിന് ആശ്വാസമാകുന്നതാണ് രമയുടെ വിജയം.
തുടർച്ചയായി മൂന്ന് തവണ എൽ.ഡി.എഫ് വിജയിച്ച കൊയിലാണ്ടി ഉറപ്പിച്ച് നിർത്തുകയെന്ന ദൗത്യം കാനത്തിൽ ജമീല ഭംഗിയായി നിറവേറ്റി. 2016ൽ 13,369 വോട്ടുകൾക്ക് കെ. ദാസൻ വിജയിച്ച മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മികച്ച വിജയമാണ് കാനത്തിൽ ജമീല നേടിയത്. 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ എൻ. സുബ്രഹ്മണ്യനെ കാനത്തിൽ ജമീല പരാജയപ്പെടുത്തിയത്. രാഹുൽ ഗാന്ധിയുൾപ്പെടെ പ്രചാരണത്തിനിറങ്ങിയ മണ്ഡലം ഇടതുപക്ഷത്ത് ഉറച്ചുനിന്നു.
അതേസമയം ചരിത്ര ദൗത്യവുമായി ഇറങ്ങിയ മുസ്ലിം ലീഗിലെ അഡ്വ. നൂർബിന റഷീദിന് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് നിലനിറുത്താൻ സാധിച്ചില്ല. ഐ.എൻ.എലിന്റെ അഹമ്മദ് ദേവർ കോവിലിനോട് 12459 വോട്ടിനാണ് നൂർബിന റഷീദ് പരാജയപ്പെട്ടത്. ഇതേ മണ്ഡലത്തിൽ മത്സരിച്ച ബി.ജെ.പിയുടെ നവ്യ ഹരിദാസിന് വോട്ട് ഉയർത്താൻ സാധിച്ചെങ്കിലും ഇടതുമുന്നണിയിൽ പോറലേൽപ്പിക്കാൻപോലുമായില്ല.