മുക്കം: ഇടതുവിജയം ആഞ്ഞുവീശിയ സംസ്ഥാനത്ത് ചുവന്ന് തുടുത്ത് തിരുവമ്പാടി. 6 പഞ്ചായത്തുകളും ഒരു മുനി സിപ്പാലിറ്റിയും ഉൾപ്പെടുന്ന മണ്ഡലത്തിൽ മുക്കം മുനിസിപ്പാലിറ്റിയും കൂടരഞ്ഞി പഞ്ചായത്തും മാത്രമാണ് എൽ.ഡി.എഫ് ഭരണത്തിലുള്ളത്. യു.ഡി.എഫ് കോട്ടയെന്നറിയപ്പെടുന്ന തിരുവമ്പാടിയിൽ അനായാസ വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയും മറ്റു ചില സംഘടനകളുമായുള്ള രഹസ്യ ബാന്ധവവും അവരുടെ പ്രതീക്ഷയ്ക്ക് നിറമേകി. എന്നാൽ ഫലം വന്നപ്പോൾ പ്രതീക്ഷകളും കണക്കുകൂട്ടലുകളും മറികടന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് 4663 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ലിന്റോ ജോസഫിന് 67,867 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ സി.പി.ചെറിയ മുഹമ്മദിന് (മുസ്ലിംലീഗ്) 63,224 വോട്ടാണ് ലഭിച്ചത്.എൻ.ഡി.എ സ്ഥാനാർത്ഥി ബേബി അമ്പാട്ട് നേടിയത് 7794 വോട്ട്. മലയോര ജനത സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും തിരുമ്പാടിയിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും യുവ സ്ഥാനാർത്ഥിയുടെ പ്രവർത്തന മികവും പരിഗണിച്ചതാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ ടി.വിശ്വനാഥൻ പറഞ്ഞു. ഫല പ്രഖ്യാപനത്തിനു ശേഷം മുക്കത്ത് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ലിന്റോ ജോസഫിനെ ടി.വിശ്വനാഥൻ ഹാരമണിയിച്ചു. വി.കെ.വിനോദ്, എൻ.ബി.വിജയകുമാർ, പി.ടി. ബാബു എന്നിവരും പങ്കെടുത്തു.