ldf

കോഴിക്കോട്: 'പാർട്ടിയെ ജനങ്ങൾ തിരുത്തിയ" കുറ്റ്യാടി വിഷയം ഒരു ഘട്ടത്തിൽ മലയോര മേഖലയിലാകെ നീറിപ്പുകഞ്ഞതാണ്. കുറ്റ്യാടി തിരിച്ചുപിടിക്കുന്നതു പോയിട്ട്, തൊട്ടടുത്തുള്ള നാദാപുരം പോലും ഇടതുമുന്നണിയ്ക്ക് ചോർന്നുപോകുമോ എന്ന ആശങ്ക പോലും ഉയർന്നതാണ്. എന്നാൽ, വെല്ലുവിളികളെയെല്ലാം തന്റേടത്തോടെ നേരിട്ട ഇടതുമുന്നണിയ്ക്ക് തരിമ്പും കാലിടറിയില്ല. കഴിഞ്ഞ തവണത്തെയെന്ന പോലെ പതിമൂന്നിൽ പതിനൊന്നു മണ്ഡലങ്ങളും നിലനിറുത്തിയതിലൂടെ മുന്നണിയുടെ ആധിപത്യം അരക്കിട്ടുറിപ്പിക്കുകയായിരുന്നു.

യു.ഡി.എഫിനൊപ്പമായിരുന്ന കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. എന്നാൽ, അഭിമാനപ്പോരാട്ടം നടന്ന വടകരയിൽ കെ.കെ.രമ വിജയിച്ചത് എൽ.ഡി.എഫിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണ പിടിച്ചെടുത്ത കൊടുവള്ളിയും ഇത്തവണ കൈവിട്ടു.

ജില്ലയിലെന്നല്ല, സംസ്ഥാനത്ത് തന്നെ ആദ്യവിജയം പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റതായിരുന്നു. 22,592 വോട്ടിന്റെ വൻഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ സിഎച്ച് ഇബ്രാഹിംകുട്ടിയെ അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ നേടിയ 4101 വോട്ടിന്റെ ഭൂരിപക്ഷം അഞ്ചിരട്ടിയിലേറെ ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു.

മലയോരത്ത് നിന്നായിരുന്നു രണ്ടാമത്തെ വിജയം. തിരുവമ്പാടിയിൽ എൽ.ഡി.എഫിലെ ലിന്റോ ജോസഫ് യു.ഡി.എഫിലെ സി.പി ചെറിയ മുഹമ്മദിനെ 4643 വോട്ടിന് പരാജയപ്പെടുത്തി. ജയസാദ്ധ്യത മാറി മറിഞ്ഞ പോരാട്ടത്തിൽ അവസാനം വിജയം ലിന്റോയ്ക്കൊപ്പം നിൽക്കുകയായിരുന്നു. കഴിഞ്ഞ തവണ ജോർജ് എം. തോമസ് നേടിയ ഭൂരിപക്ഷം വിർദ്ധിപ്പിക്കാനും സി.പി.എമ്മിന്റെ യുവനേതാവിന് സാധിച്ചു.

വടകരയിൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ടു നിന്ന കെ.കെ. രമയ്ക്ക് ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫിന്റെ മനയത്ത് ചന്ദ്രനിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നില്ല. പോയില്ല. 7491 വോട്ടിനാണ് ഈ സീറ്റ് രമ പിടിച്ചെടുത്തത്.

യു.ഡി.എഫിന്റെ രാഷ്ട്രീയതന്ത്രങ്ങൾ കുന്ദമംഗലത്ത് വിജയിക്കുമോ എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് കൃത്യമായ ഭൂരിപക്ഷത്തിൽ പി.ടി.എ റഹീം മൂന്നാംവട്ടവും വിജയം പിടിച്ചെടുത്തത്. ആദ്യം ലീഡ് നേടിയത് പി.ടി.എ റഹീം ആയിരുന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിച്ചതോടെ ദിനേശ് പെരുമണ്ണ മുന്നിലെത്തി. ഏറെ നേരം ഈ നില തുടർന്ന ശേഷമാണ് ദിനേശ് പിന്നാക്കം പോയത്. ഒടുവിൽ 10,276 വോട്ടിന് റഹീം മികച്ച വിജയം നേടി. എൻ.ഡി.എയുടെ വി.കെ. സജീവൻ 27,672 വോട്ടുമായി രണ്ടാമതെത്തി.

എലത്തൂരിൽ വെല്ലുവിളിയേ ഇല്ലായിരുന്നു. യു.ഡി.എഫിലെ സുൽഫിക്കർ മയൂരിയെ 38,502 വോട്ടിന് പരാജയപ്പെടുത്തി മന്ത്രി എ.കെ. ശശീന്ദ്രൻ രചിച്ചത് ചരിത്രം. ജില്ലയിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വോട്ട് നേടിയത് എലത്തൂരിലാണ്. 32010 വോട്ട് സ്വന്തമാക്കിയ ബി.ജെ.പി മൂന്നാം സ്ഥാനത്ത് തന്നെ തുടർന്നു. കഴിഞ്ഞ തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം എ.കെ. ശശീന്ദ്രന് തന്നെയായിരുന്നു.

കൊടുവള്ളിയിൽ ലീഗിലെ ഡോ.എം.കെ.മുനീറിനെ ഏറെ നേരം മുൾമുനയിൽ നിറുത്തിയ ശേഷമാണ് സിറ്റിംഗ് എം.എൽ.എ കാരാട്ട് റസാഖ് കീഴടങ്ങിയത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ കാരാട്ട് റസാഖ് ഇത്തവണയും ലീഗ് കോട്ട പിടിച്ചെടുക്കമോ എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും യു.ഡി.എഫിനും ലീഗിനും ആശ്വാസമായി മുനീർ 6344 വോട്ടിന് വിജയതീരത്തെത്തി.

കടുത്ത ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചിരുന്നെങ്കിലും കോഴിക്കോട് നോർത്തിൽ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു. എ. പ്രദീപ്കുമാറിന്റെ ഭൂരിപക്ഷത്തിന്റെ അടുത്തൊന്നും എത്തിയില്ലെങ്കിലും 12928 ഭൂരിപക്ഷത്തിൽ മികച്ച വിജയമാണ് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നേടിയത്. പതിനായിരത്തോളം വോട്ട് വർദ്ധിപ്പിച്ചെങ്കിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് ഒരിക്കൽ പോലും മുന്നേറാൻ സാധിച്ചില്ല. അഭിജിത്തിനേക്കാളും പതിനയ്യായിരത്തിൽ അധികം വോട്ടിന് എം.ടി രമേശ് പിന്നിലായി.

സിറ്റിംഗ് മണ്ഡലത്തിൽ കാൽ നൂറ്റാണ്ടിന് ശേഷം എത്തിയ ലീഗിന്റെ വനിത സ്ഥാനാർത്ഥി നൂർബിന റഷീന് പരാജയം ഏറ്റുവാങ്ങി. ലീഗിന്റെ കോട്ടകളിൽ പോലും വോട്ട് ചോർച്ചയുണ്ടായി. എൽ.ഡി.എഫിന്റെ അഹമ്മദ് ദേവർകോവിൽ 12459 വോട്ടിന്റെ മികച്ച വിജയമാണ് നേടിയത്.

ബേപ്പൂരിൽ യു.ഡി.എഫിന് ഒരു അവസരം പോലും നൽകാതെയാണ് അഡ്വ.മുഹമ്മദ് റിയാസ് മുന്നേറിയത്. ശക്തമായ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ 28,748 വോട്ടിന്റെ ഭൂരിപക്ഷവുമായി മിന്നുംവിജയമാണ് യു.ഡി.എഫിലെ പി.എം. നിയാസിനെതിരെ റിയാസ് നേടിയത്. ബി.ജെ.പിയ്ക്കും മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടായി.

ബാലുശ്ശേരിയിൽ ആദ്യഘട്ടം മുതൽ ധർമ്മജൻ ബോൾഗാട്ടിയെ ചിത്രത്തിന് പുറത്ത് നിറുത്തിയായിരുന്നു സച്ചിൻദേവിന്റെ മുന്നേറ്റം. ഭൂരിപക്ഷം ഉയർത്തിയ സച്ചിൻദേവ് ഇത്തവണ നേടിയത് മിന്നുംജയം.

ജില്ലയിൽ ഏറ്റവും ശക്തമായ മത്സരം നടന്നത് കുറ്റ്യാടിയിലാണ്. അവിടെ പല ഘട്ടത്തിലും പിറകിലേക്ക് പോയിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്കെതിരെ 333 വോട്ടിനാണ് കെ.പി. കുഞ്ഞമ്മദ്കുട്ടി ഒടുവിൽ വ വിജയം കണ്ടു. പ്രവർത്തകരുടെ പരസ്യ പ്രകടനത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ മാറ്റിയാണ് കുഞ്ഞമ്മദ്കുട്ടിയെ സി.പി.എം രംഗത്തിറക്കിയത്.

നാദാപുരത്ത് ഭൂരിപക്ഷം കുറഞ്ഞെങ്കിലും സി.പി.ഐ മത്സരിച്ച ഏക സീറ്റിൽ ഇ.കെ. വിജയൻ വിജയിച്ചു. യു.ഡി.എഫിലെ കെ. പ്രവീൺകുമാർ ഉയർത്തിയ വെല്ലുവിളിയെ ശക്തമായ നേരിട്ടായിരുന്നു സീറ്റ് അദ്ദേഹം നിലനിറുത്തിയത്. 3385 വോട്ടിനാണ് അദ്ദേഹം തുടർച്ചയായി രണ്ടാം തവണയും പ്രവീൺകുമാറിനെ പരാജയപ്പെടുത്തിയത്.

കൊയിലാണ്ടിയുടെ കാര്യത്തിലുണ്ടായ ആശങ്ക വോട്ടെണ്ണലിൽ എൽ.ഡി.എഫിന് നേരിട്ടതേയില്ല. എൻ. സുബ്രഹ്മണ്യനെ വ്യക്തമായ ഭൂരിക്ഷത്തിൽ കീഴ്പെടുത്തിയാണ് കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തുന്നത്.