കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകൾ കൂടുമ്പോൾ ഭീതി ഏറുകയാണ് ആരോഗ്യ വകുപ്പുകാർക്കെന്ന പോലെ പൊലീസിനും.
ഇത്തരം പ്രദേശങ്ങൾ പൂർണമായി അടച്ചിട്ടില്ലെങ്കിൽ അതിതീവ്ര വ്യാപനം കൂടുതൽ പടരാനിടയായി വൻദുരന്തത്തിലേക്കാവും ചെന്നുപെടുക. തീർത്തും അടച്ചിട്ടാൽ പച്ചക്കറിയും പലചരക്കു സാധനങ്ങളുമടക്കം കിട്ടാതെ ആളുകൾ വലയുമെന്ന പ്രശ്നവും.
മിക്ക കണ്ടെയ്ൻമെന്റ് സോണുകളിലും കടകളിലെ പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും നശിക്കുകയാണ്. പലയിടത്തും ആവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാനുള്ള സംവിധാനം ഫലപ്രദമല്ല. അവശ്യ സേവനങ്ങൾക്ക് റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സേവനം തേടണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് എല്ലായിടത്തും ഫലപ്രദമല്ലമെന്ന ആക്ഷേപമുണ്ട്. ആർ.ആർ.ടി കൾ പലയിടത്തും സജീവമല്ല.
ഫണ്ടില്ലെന്നിരിക്കെ, സൗജന്യമായി ഭക്ഷണമോ, മരുന്നോ എത്തിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. വോളണ്ടിയർമാർക്ക് പി.പി.ഇ കിറ്റ് പോലും കിട്ടുന്നില്ല. സ്വന്തം ചെലവിലാണ് പലപ്പോഴും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്.
സർക്കാർ നിർദ്ദേശപ്രകാരം വാർഡ് - ഡിവിഷൻ തലത്തിൽ രൂപീകരിച്ച ആർ.ആർ.ടി യിൽ, ജനപ്രതിനിധിയ്ക്കു പുറമെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ, നഴ്‌സ്, ആശാ വർക്കർ, പൊലീസ് പ്രതിനിധി, സന്നദ്ധ പ്രവർത്തകർ എന്നിവരൊക്കെയുണ്ട്. ആർ.ആർ.ടി സജീവമായി നിലവിലുള്ള ഇടങ്ങളിൽ ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും മരുന്ന് എത്തിക്കാനുമുള്ള തിരക്കിനിടയിൽ ഭക്ഷണസാധനങ്ങൾ കൂടി ഏർപ്പാടാക്കാൻ കഴിയാതെ വിഷമിക്കുകയാണ് അംഗങ്ങൾ.
ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ പൊലീസിനും നിർദ്ദേശമുണ്ട്. പക്ഷേ, ഓരോ സ്റ്റേഷനിലെയും പരിമിതമായ അംഗബലം വെച്ച് എന്ത് ചെയ്യാനാകുമെന്ന അങ്കലാപ്പിലാണ് പൊലീസുകാർ. മിക്കയിടത്തും കടകൾ തുറക്കാത്തതിനാൽ ജനപ്രതിനിധികൾക്ക് പോലും സാധനങ്ങൾ എത്തിക്കാനാവുന്നില്ല.