അപ്പപ്പാറ: കാടിന് നടുവിൽ പ്രകൃതിയോട് ചേർന്ന് ഒരു വീടും അതിൽ കഴിയുന്ന കുറച്ച് മനുഷ്യരും. തിരുനെല്ലിക്കാട്ടിനുള്ളിലാണ് ഈ വീട്. കുനിക്കോട് ഗോപാലൻ ചെട്ടിയുടെ വൈക്കോൽ മേഞ്ഞ, ചാണകം മെഴുകിയ വീട്. പുറംലോകത്ത് കാണുന്ന കോൺക്രീറ്റ് കൊട്ടാരങ്ങളൊന്നും ഈ പച്ചമനുഷ്യരെ പ്രലോഭിപ്പിക്കുന്നില്ല.
കുമ്പളയിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് വയനാട്ടിലേയ്ക്ക് കുടിയേറിയ ഇവരുടെ കുടുംബം ആറ് പതിറ്റാണ്ട് മുൻപ് നിർമ്മിച്ച വീട് ഇന്നും തലയുയർത്തി നിൽക്കുന്നു. ഗോപാലൻ ചെട്ടിയുടെ അച്ഛൻ തിമ്മപ്പൻ ചെട്ടിയാണ് 1962 ൽ ഈ വീട് പണിതത്. അന്ന് വയനാടൻ കാടുകളിൽ സമൃദ്ധമായിരുന്ന മുളകളാണ് ഇന്നും വീടിന്റെ മേൽക്കൂരയിലുള്ളത്.
കാടും കിളികളും മയിലും മലയണ്ണാനുമൊക്കെ ചേർന്ന് ഇവിടെ മധുരമായ പശ്ചാത്തല സംഗീതമൊരുക്കുന്നു. ദാഹമാറ്റാൻ കാട്ടുചോലയുണ്ട്. തൊഴുത്തിൽ നിറയെ പശുക്കൾ. തൊടിയിൽ ചിക്കി ചികഞ്ഞ് നടക്കുന്ന നാടൻ കോഴികൾ.
ഗോപാലൻ ചെട്ടിയുടെ മകൻ ബാബു നല്ലൊരു ജൈവകർഷകനാണ്. ആവശ്യത്തിനുള്ള നെല്ലും പച്ചക്കറികളുമെല്ലാം സ്വയം കൃഷി ചെയ്തുണ്ടാക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്നത് പഴയ രീതിയിലുള്ള വിറകടുപ്പിലാണ്. ഗ്യാസ് സ്റ്റൗവില്ല, ഫ്രിഡ്ജില്ല ... ആധുനികമായ സൗകര്യങ്ങളൊന്നും അത്യാവശ്യമായി അവർക്ക് തോന്നിയിട്ടുമില്ല