ബാലുശ്ശേരി: കൊവിഡ് കാലത്തെ രക്ത ദൗർലഭ്യം പരിഹരിക്കുന്നതിന് ജീവദ്യുതി പദ്ധതിയുമായി നാഷണൽ സർവീസ് സ്കീം. ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് തങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ , പൂർവ എൻ. എസ്.എസ് വോളണ്ടിയർമാർ എന്നിവരെ മെഡിക്കൽ കോളേജ് , കോട്ടപ്പറമ്പ് സർക്കാർ ആശുപത്രി , ബീച്ച് ആശുപതി എന്നിവിടങ്ങളിലെ രക്ത ബാങ്കുകളിലെത്തിച്ച് രക്തദാനത്തിനായി എത്തിക്കുന്നത് . 18 വയസ് കഴിഞ്ഞവർ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിഞ്ഞേ രക്തദാനം പാടുള്ളൂവെന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി എൻ.എസ്.എസ് രംഗത്തെത്തിയത്. പദ്ധതിയുടെ ഭാഗമായി പൂർവ എൻ.എസ്.എസ് വോളണ്ടിയർമാർ മെഡിക്കൽ കോളേജ് രക്ത ബാങ്കിലെത്തി രക്തദാനം നടത്തി. ജില്ലയിലെ 144 യൂണിറ്റുകളിലെ 7000 വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും രക്തദാനത്തിന് വന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു.