വടകര: അമ്പത്തൊന്ന് വെട്ടിന്റെ ഓർമ്മകൾക്ക് ഒമ്പതാണ്ടുപിറന്ന പുലരിയിൽ രക്തഹാരം ചാർത്തി ടി.പി. ചന്ദ്രശേഖനെന്ന വിപ്ലവകാരിയെ പ്രവർത്തകർ ഇടനെഞ്ചോടു ചേർത്തു. കൊവിഡ് നിയന്ത്രണങ്ങൾ ഉളളതിനാൽ പുഷ്പാർച്ചനയിലും പതാക ഉയർത്തലിലും നിറുത്തി രക്തസാക്ഷി ദിനം. ഇന്നലെ രാവിലെ ടി.പിയുടെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എൻ.വേണു പുഷ്പചക്രം അർപ്പിച്ചു. വി.കെ സുരേഷ് പതാക ഉയർത്തി. ടി.കെ സിബി രക്തസാക്ഷി പ്രതിജ്ഞ ചൊല്ലികൊടുത്തു. കുളങ്ങര ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി വെട്ടേറ്റുവീണ വള്ളിക്കാട്ടിലെ സ്മാരകത്തിലും പുഷ്പാർച്ചനയും പ്രതിജ്ഞ പുതുക്കലും നടന്നു. ഓർക്കാട്ടേരിയിലെ ടി.പി ഭവനിലും വടകര പുതിയ ബസ്‌സ്റ്റാൻഡ്, ഒഞ്ചിയം ഏരിയയിലെ ബ്രാഞ്ചുകൾ എന്നിവിടങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.