ഫറോക്ക്: കൊവിഡ് മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിൽ ആശങ്കയോടെ ജനം. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഊർജ്ജിതമായി നടക്കുമ്പോഴും വ്യാപനം കുറയാത്തത് ഭീതി ഉയർത്തുന്നു. കഴിഞ്ഞ ദിവസം ഫറോക്ക് നഗരസഭയിൽ 144, ചെറുവണ്ണൂർ - നല്ലളം മേഖലയിൽ 100 , കടലുണ്ടിയിൽ 34, രാമനാട്ടുകരയിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവെയ്പിനുള്ള തിരക്കു കുറയ്ക്കാൻ നടപടി സ്വീകരിച്ചു. വാക്സിൻ നൽകുന്നതിനുള്ള ടോക്കൺ കൗൺസിലർമാരും ആശാ വർക്കർമാരും മുഖേന മുൻകൂട്ടി വിതരണം ചെയ്യാനാണ് തീരുമാനം. ആശുപത്രിയിൽ നിന്ന് ടോക്കൺ നൽകുന്നത് താത്ക്കാലികമായി നിർത്തിയിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽകൂടുതൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ
തുടങ്ങണമെന്നും സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.