കോഴിക്കോട്: കൊവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു . കൊവിഡിന്റെ രണ്ടാം തരംഗം മറ്റേതു മേഖലയേക്കാളും ബാധിച്ചത് വ്യാപാരമേഖലയെയാണ്. ഇപ്പോൾ ലോക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ തകർച്ച പൂർണമായിരിക്കുകയാണ്. അടച്ചു പൂട്ടേണ്ടി വരുന്ന കടകളുടെ വാടക ഒഴിവാക്കാൻ കെട്ടിട ഉടമകൾക്ക് സർക്കാർ നിർദ്ദേശം നല്‍കണം. ഫിക്‌സഡ് വൈദ്യുതി ചാർജ് ഓഴിവാക്കി നല്‍കുകയും വേണം. അടച്ചുപൂട്ടലും സാമ്പത്തിക മാന്ദ്യവും കാരണം മുടങ്ങുന്ന വ്യാപാരികളുടെ ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നല്‍കി കാലാവധി നീട്ടി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.വിജയൻ, ടി.മരയ്ക്കാർ, സി.വി. ഇക്ബാൽ, സന്തോഷ് സെബാസ്റ്റിയൻ, കെ.എം. റഫീഖ്, കെ.സുധ, കെ. സോമൻ, ഗഫൂർ രാജധാനി തുടങ്ങിയവർ പ്രസംഗിച്ചു.