രാമനാട്ടുകര: എൻ.എച്ച് ബൈപ്പാസിലെ അറപ്പുഴ പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജി തുടർനടപടിയ്ക്കായി മേയ് 18 ന് മാറ്റി. 
പാലത്തിൽ റീ ടാറിംഗ് പ്രവൃത്തി നടക്കാത്തതു കാരണം വാഹനങ്ങൾ മെല്ലെപ്പോക്കിലേക്ക് നീങ്ങുന്നതോടെയുണ്ടാവുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും ഏറെ നേരത്തേക്ക് നീളുകയാണ്. പാലം നിറയെ ചെറുതും വലുതുമായ കുഴികളാണ് പാലത്തിൽ.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ നിരവധി ആശുപത്രികളിലേക്കായി തിരിക്കുന്ന ആംബുലൻസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങുന്നത്. ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നിസ്സംഗതയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നതാണ്. ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി, രാമനാട്ടുകര മുനിസിപ്പൽ ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതി (റെയ്‌സ്) തുടങ്ങിയ സംഘടനകളും എം.കെ രാഘവൻ എം.പി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും നിരന്തരം ശ്രദ്ധ ക്ഷണിച്ചിട്ടും പാലത്തിൽ അറ്റകുറ്റപ്പണി നടത്താൻ ഒരു നീക്കവുമുണ്ടായില്ല. കഴിഞ്ഞ ദിവസം ചേർന്ന 'റെയ്സ് "അടിയന്തര ഓൺലൈൻ യോഗത്തിന്റെ തീരുമാനമനുസരിച്ച് ഈ അനാസ്ഥയ്ക്കെതിരെ  ഹൈക്കോടതിയിൽ അഡ്വ.പൗലോച്ചൻ ആന്റണി പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കാലിക്കറ്റ് എക്സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്ന് നാഷണൽ ഹൈവേ അതോറിറ്റി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ഈ കമ്പനിയെ കൂടി കക്ഷി ചേർത്ത് കേസ് പരിഗണിക്കുന്നത് മേയ് 18 ന് മാറ്റുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പകത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച്.
ഏതറ്റം വരെ പോവേണ്ടി വന്നാലും ഈ വിഷയത്തിൽ പ്രശ്നപരിഹാരം ഉറപ്പാക്കാൻ നിരന്തര പോരാട്ടം തുടരുമെന്ന് റെയ്‌സ് പ്രസിഡന്റ് ബഷീർ പറമ്പൻ, ജനറൽ സെക്രട്ടറി  കെ.സി രവീന്ദ്രനാഥ് എന്നിവർ വ്യക്തമാക്കി.