road
കൊ​വി​ഡ് ​പ്ര​തി​രോ​ധം​ ​ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​രം​ഭി​ച്ച​ ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​വി​ജ​ന​മാ​യ​ ​കോ​ഴി​ക്കോ​ട് ​ന​ഗ​രം.​ ​രാ​ജാ​ജി​ ​റോ​ഡി​ൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യം.

കോഴിക്കോട് : പിടിവിട്ടുപോയ കൊവിഡ് രണ്ടാംതരംഗത്തെ പിടിച്ചുകെട്ടാൻ സംസ്ഥാനത്ത് ആരംഭിച്ച ലോക്ക് ഡൗണിനോട് സഹകരിച്ച് ജനം. രണ്ടാം ലോക്ക് ഡൗണിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ മറന്ന് ആളുകൾ വീട്ടിലിരുന്നതോടെ നാടും നഗരവും കൊവിഡ് പ്രതിരോധത്തിനായി നിശ്ചലമായി. തിരക്കൊഴിയാത്ത മിഠായിത്തെരുവ്, പാളയം, ബീച്ച് എന്നിവിടങ്ങളിൽ ഇന്നലെ ആളനക്കം പേരിനുമാത്രം. റോഡുകളിൽ വാഹനത്തിരക്ക് നന്നേ കുറഞ്ഞു. അവശ്യസാധനങ്ങൾ വാങ്ങാനുള്ളവർ രാവിലെ കടകളിലെത്തി വീടുകളിലേക്ക് മടങ്ങി. കൂട്ടം കൂടി നിൽക്കാനോ സംസാരിക്കാനോ മുതിർന്നില്ല. അവശ്യസേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക് കടകൾ, പഴം- പച്ചക്കറി കടകൾ, പാൽ, മത്സ്യം, ഇറച്ചി വിൽക്കുന്ന കടകൾ എന്നിവ തുറന്നെങ്കിലും തിരക്കും കൂട്ടംകൂടി നിൽക്കലും ഒഴിവാക്കാൻ മഫ്തിയിൽ പൊലീസ് പരിശോധനയും നടന്നു.

രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. യാത്രാരേഖകളും തിരിച്ചറിയൽ കാർഡുകളും പരിശോധിച്ച് വ്യക്തത വരുത്തിയാണ് തുടർ യാത്ര അനുവദിച്ചത്.

ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 180 സെക്ടറൽ മജിസ്ട്രറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയത്. പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കേണ്ടത് സെക്ടറൽ മജിസ്‌ട്രേറ്റുമാരാണ്.

പഴുതടച്ച് പൊലീസ് പരിശോധന

കോഴിക്കോട് നഗരത്തിലും സമീപത്തെ പൊലീസ് സ്റ്റേഷൻ പരിധിയിലും അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുള്ള പരിശോധനയായിരുന്നു. 51 പിക്കപ്പ് പോസ്റ്റുകളിലായാണ് പരിശോധന നടന്നത്. മാവൂർ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, കുന്ദമംഗലം, ചേവായൂർ, എലത്തൂർ, നടക്കാവ്, വെള്ളയിൽ, ടൗൺ പൊലീസ് സ്‌റ്റേഷൻ, മാറാട്, ബേപ്പൂർ, നല്ലളം, ഫറോഖ്, പന്നിയങ്കര എന്നീ സ്റ്റേഷൻ പരിധികളിൽ പരിശോധന ശക്തമായിരുന്നു. ഇവിടങ്ങളിൽ 250ഓളം പൊലീസുകാരെയാണ് വാഹന പരിശോധനയ്ക്കായി നിയോഗിച്ചത്.

അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് പിഴചുമത്തി. സ്ഥിരം പോയിന്റുകൾക്ക് പുറമേ ഉൾ പ്രദേശങ്ങളിലേക്കുള്ള പൊലീസ് പട്രോളിംഗും സജീവമായിരുന്നു. സത്യവാങ്മൂലം, മതിയായ രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവയില്ലാത്ത യാത്രക്കാരെ തടഞ്ഞ് നോട്ടീസ് നൽകി. ലോക്ക്ഡൗൺ കഴിഞ്ഞാൽ സ്റ്റേഷനിൽ ഹാജരാകാൻ ഇത്തരക്കാരോട് നിർദ്ദേശിച്ചു.

പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​രു​ത​ണം​ ​
പൊ​ലീ​സ് ​പാ​സ്

ലോക്ക് ഡൗൺ കാലയളവിൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ പൊലീസ് പാസ് കൈയിൽ കരുതണം. https://pass.bsafe.kerala.gov.in എന്ന വെബ്സെെറ്റ് വഴി അപേക്ഷിക്കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം പോലുള്ള ഒഴിച്ച് കൂടാനാവാത്ത ആവശ്യങ്ങൾക്ക് പോകുന്നവർക്ക് പാസിന് അപേക്ഷിക്കാം. ലോക്ക് ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും പാസ് ലഭിക്കും. ഇതിനായി ഓൺലൈനായി തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓൺലൈനിൽ പാസിനായി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. ഇത് പരിശോധിച്ചാണ് യാത്രാനുമതി നൽകുക. അനുമതി ലഭിച്ചാൽ അപേക്ഷിക്കുന്നയാളുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി വരും. അനുമതി പത്രം ഫോണിൽ ലഭ്യമാകും. ഇതുപയോഗിച്ച് മാത്രമാണ് യാത്ര നടത്താനാവുക. ആശുപത്രി ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ അവശ്യ സേവന വിഭാഗങ്ങൾക്ക് പാസില്ലാതെ യാത്ര ചെയ്യാം. തിരിച്ചറിയൽ രേഖ കരുതണം.