കോഴിക്കോട് : കൊവിഡ് പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയിട്ടുള്ളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറൽ മജിസ്‌ട്രേറ്റുമാരായി.
കോർപ്പറേഷൻ പരിധിയിൽ 15 പേരെയും കൊടുവള്ളി, മുക്കം, ഫറോക്ക്, വടകര, കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി മുനിപ്പാലിറ്റികളിലായി 26 പരെയും വിവിധ പഞ്ചായത്തുകളിലായി 142 പേരെയുമാണ് പുതുതായി നിയോഗിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളിലെ ഗസറ്റെഡ് ഉദ്യോഗസ്ഥരാണിവർ. ഓരോ പ്രദേശത്തും പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കുകയാണ് ഉത്തരവാദിത്വം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സംബന്ധിച്ച് ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തും. ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയിൻ, ക്വാറന്റൈൻ, ഐസലേഷൻ, മരണം, വിവാഹം, ഓഡിറ്റോറിയം എന്നിവയിലേതടക്കം കൊവിഡ് മാനദണ്ഡങ്ങളുടെ കർശനമായ പാലനം, കടകളിലും മാർക്കറ്റുകളിലും വ്യവസായ സ്ഥാപനങ്ങളിലെയും കൊവിഡ് പ്രോട്ടോകോൾ എന്നിവ ഉറപ്പുവരുത്തും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പുറത്തിറക്കുന്ന ഉത്തരവുകളെല്ലാം പാലിക്കപ്പെടുന്നുവെന്ന് പരിശോധിക്കേണ്ട ചുമതലയും ഇവർക്കാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയും ഇത് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്യും. ഹാർബർ, മാർക്കറ്റ്, ആളുകൾ കൂട്ടം കൂടാൻ ഇടയുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് സഹായത്തോടെ നിയന്ത്രണങ്ങൾ ഉറപ്പാക്കും. വിവാഹം, മരണം, രാഷ്ട്രീയ പരിപാടികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ കൈവശം ഉണ്ടായിരിക്കും. പൊലീസും ഹെൽത്ത് വിഭാഗവും ഇവർക്കൊപ്പമുണ്ടാവും. നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്‌ട്രേറ്റുമാർ അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും മെഡിക്കൽ ഓഫീസർമാരെയും ബന്ധപ്പെട്ട് പ്രദേശത്തിന്റെ വ്യക്തമായ വിവരം അറിയുകയും ചെയ്യും.