മുക്കം: ജില്ലയുടെ കിഴക്കൻ മലയോരത്ത് കൊവിഡ് പടരുന്നത് ആശങ്ക ഉയർത്തുന്നു. ടി.പി.ആർ നിരക്കും ഉയരുകയാണ്. മുക്കം നഗരസഭയും തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ ഉൾപ്പെടുന്ന മേഖലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1900 കവിഞ്ഞു. ഏപ്രിൽ പകുതി വരെ 30ൽ താഴെയായിരുന്നു രോഗികൾ. കൊടിയത്തൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 479 പേർ. കാരശ്ശേരി- 477, മുക്കം- 413, തിരുവമ്പാടി- 350, കൂടരഞ്ഞി-151 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം. കൊടിയത്തൂർ പഞ്ചായത്തിൽ പന്നിക്കോട് ലൗഷോർ സ്കൂളിൽ സജ്ജമാക്കിയ ഡി.സി.സിയിൽ അഞ്ചു പേരും മുക്കം നഗരസഭയിലെ ഡി സി.സിയിൽ 13 പേരും തിരുവമ്പാടിയിൽ 14 പേരുമാണുള്ളത് . മറ്റുള്ളവർ വീടുകളിലും ആശുപത്രികളിലുമാണ്. രോഗ വ്യാപനം കൂടിയതോടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ടി.പി.ആർ 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ കൂടരഞ്ഞി ഒഴികെയുള്ള തദ്ദേശ ഭരണ പ്രദേശങ്ങളിൽ ടി.പി.ആർ 15ൽ കൂടുതലാണ്. മുക്കത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 ശതമാനം കടന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസ് നിയന്ത്രണവും കടുപ്പിച്ചു. അനാവശ്യമായി റോഡിലിറങ്ങുന്നവരെ കണ്ടെത്താൻ ഡ്രാേൺ ഉപയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു. അതെസമയം മുക്കം നഗരസഭ മൂന്ന് സൗജന്യ ആംബുലൻസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ഇന്നലെ മുക്കം നഗരസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50 കടന്നു. ഹിറ സ്കൂളിൽ സി.എച്ച് സി നടത്തിയ പരിശോധന ക്യാമ്പിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയ145 പേരിൽ 55 പേർക്ക് പോസിറ്റീവായി. ഇതിൽ 38 പേർ മുക്കം,11 പേർ കാരശേരി, 6 പേർ ചാത്തമംഗലം, കൊടുവള്ളി സ്വദേശികളാണ്. വിവിധ സ്വകാര്യ ലാബുകളിലെ പരിശോധനയിൽ മുക്കം 13, കാരശേരി 17, ചാത്തമംഗലം 12, കൊടിയത്തൂർ 07ഉൾപ്പെടെ 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. സി.എച്ച്.സിയിൽ ഇന്നലെ മുക്കം നഗരസഭയിലെ 17 വാർഡുകളിൽ നിന്നുള്ള 170 മുതിർന്ന പൗരന്മാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി.