കോഴിക്കോട്: കാത്തിരുന്ന റംസാൻ വിപണിയും കെെവിട്ടതോടെ തളർന്നിരിപ്പാണ് തയ്യൽ തൊഴിലാളികൾ. സ്‌കൂൾ യൂണിഫോം മുതൽ ഒന്നിന് പിറകെ ഒന്നായി നിരവധി ഓർഡറുകൾ വന്നിരുന്ന സ്ഥാനത്ത് ഇന്ന് തയ്യൽ മെഷീൻ തുരുമ്പെടുക്കാതിരിക്കാൻ എണ്ണയിട്ടിരിക്കേണ്ട അവസ്ഥയാണ്. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾ മാത്രമല്ല അന്നന്നത്തെ അന്നത്തിനായി വീടുകളിൽ മെഷീൻ ഇട്ടിരിക്കുന്ന വീട്ടമ്മമാർ വരെ ഇനിയെന്തു ചെയ്യുമെന്ന ആലോചനയിലാണ്.
കൊവിഡിൻെറ ആദ്യഘട്ടം കടന്ന് പതിയെ കരകയറി വരുന്നതിനിടെയാണ് മഹാമാരിയായി രണ്ടാം തരംഗം പെയ്തിറങ്ങിയത്. രണ്ടാം ലോക്ക് ഡൗൺ കടുപ്പിച്ചതോടെ ഇവരുടെ അന്നവും മുട്ടി. കഴിഞ്ഞ വിഷു സീസണിൽ തരക്കേടില്ലാത്ത ഓഡറുകൾ ലഭിച്ചതുപോലെ റംസാൻ കാലത്തും പ്രതീക്ഷിച്ചു. എന്നാൽ ലോക്ക് ഡൗണിൽ കടകൾ അടച്ചിട്ടതോടെ വാടകയും വൈദ്യുതി ബില്ലും അടയ്ക്കാനാകാതെ നേട്ടോട്ടമോടുകയാണ് പലരും. ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപയുടെ ഇടക്കാലാശ്വാസം ലഭിച്ചതല്ലാതെ വേറൊരു ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടില്ല. ജോലിയില്ലാത്ത നാളുകൾ കൂടുന്തോറും പരിമിതികളും കൂടിക്കൂടി വരുന്നതിനാൽ കടുത്ത മാനസിക സംഘർഷത്തിലാണ് തൊഴിലാളികൾ.
സ്‌കൂൾ തുറന്നില്ല, കല്യാണവും കുറഞ്ഞു
കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂൾ പൂർണമായും അടഞ്ഞത് തയ്യൽ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ വർഷവും സമാന അവസ്ഥയിലേക്കാണ് പോകുന്നത്. ഏപ്രിൽ മുതൽ ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന സ്‌കൂൾ സീസൺ കഴിഞ്ഞാൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത് ഓണം, കല്യാണ സീസണുകളിലാണ്. കൊവിഡ് രൂക്ഷമായതോടെ ആഘോഷങ്ങളെല്ലാം പേരിന് മാത്രമായി. വിവാഹം ചടങ്ങുകളായി ചുരുങ്ങി.
കരുണ കാട്ടണം തയ്യൽ തൊഴിലാളികളോട്
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രതിമാസം തൊഴിലാളി അടക്കേണ്ട അംശാദായം
2020 ഏപ്രിൽ മുതൽ 20 രൂപയിൽ നിന്ന് 50 രൂപയായും കുടിശ്ശിക വന്നാൽ പ്രതിമാസം പിഴപ്പലിശയായി അഞ്ചുരൂപയായും ഉയർത്തിയത് തൊഴിലാളികൾക്ക് ഇരട്ടി പ്രഹരമാകുന്നു. അഞ്ചു പൈസ പോലും വരുമാനമില്ലാത്ത കൊവിഡ് കാലത്ത് തൊഴിലാളികളിൽ ഈ ഭാരം അടിച്ചേൽപ്പിക്കുന്നത് അവരെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ ദേവരാജൻ പറഞ്ഞു.
പത്തുരൂപ അംശാദായം അടച്ചിരുന്നത് 2008 ൽ 20 രൂപയാക്കിയും ഇപ്പോൾ 50 രൂപയായി ഉയർത്തിയപ്പോഴും തൊഴിലാളികൾക്ക് ഒരു രൂപ പോലും ആനുകൂല്യ വർധനവ് നൽകിയില്ല. ഈ സാഹചര്യത്തിൽ ഡിസംബർ മാസം വരെ പിഴപ്പലിശ ഒഴിവാക്കി തരണമെന്നും വാടക, വെെദ്യുതി എന്നീ ഇനത്തിൽ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
'' റംസാൻ വിപണി മുന്നിൽ കണ്ട് നൈറ്റി പോലുള്ളവ തയ്ച്ചു നൽകാൻ തുണികൾ മൊത്തമായി എടുത്തിരുന്നു. പക്ഷേ, കട അടച്ചിട്ടതോടെ തുണി കെട്ടിക്കിടക്കുകയാണ്. വാടക, വെെദ്യുതി ചാർജ് ഇവയെല്ലാം എങ്ങനെ നൽകുമെന്ന് അറിയില്ല'' രാജൻ കെ.ടി, തയ്യൽ തൊഴിലാളി.