police

ദുരുപയോഗം ചെയ്താൽ കർശന നടപടി

കോഴിക്കോട്: ലോക്ക്ഡൗൺ കാലത്തെ അത്യാവശ്യ യാത്രയ്ക്കായി ഏർപ്പെടുത്തിയ പൊലീസ് ഇ- പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. രണ്ടാം ലോക്ക്‌ഡൗണിൽ അവശ്യയാത്രയ്ക്കായി ഏർപ്പെടുത്തിയ ഓൺലൈൻ പാസ് കഴിഞ്ഞ ശനിയാഴ്ചയാണ് തുടങ്ങിയത്. പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ ഇത്രയും അപേക്ഷകൾ കണ്ട് പൊലീസ് തന്നെ ഞെട്ടിപ്പോയി. കൃത്യമായ കാരണങ്ങളില്ലാത്തതും അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളുമാണ് ഭൂരിഭാഗവും. ഇതോടെ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി പാസ് നൽകാനാണ് പൊലീസിന് ഇപ്പോൾ ലഭിച്ച നിർദ്ദേശം.

പാസ് വേണം

ജില്ല വിട്ടുള്ള യാത്രകൾക്കാണ് പ്രധാനമായും പാസ് നൽകുന്നത്. ചികിത്സാ ആവശ്യത്തിനും ജോലിക്കും പിരിഞ്ഞിരിക്കുന്ന കുടുംബത്തോടൊപ്പം ചേരുന്നതിനുമുള്ള അപേക്ഷകളാണ് പൊലീസ് പരിഗണിക്കുന്നത്. തിരിച്ചറിയൽ കാർഡില്ലാത്ത ദിവസേന യാത്ര ചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോം നഴ്സുമാർ, തൊഴിലാളികൾ എന്നിവർക്ക് മുൻഗണനാക്രമത്തിൽ പാസ് നൽകും. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ കൺട്രോൾ റൂമിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്.

പാസ് വേണ്ട

തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസിന് അപേക്ഷിക്കേണ്ടതില്ല,​ സത്യവാങ്മൂലം കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാമെങ്കിലും ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകും. ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമില്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം. ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് ആവശ്യമില്ല.

ജില്ലയിൽ ലഭിച്ച അപേക്ഷകൾ: 12732

അനുമതി നൽകിയത്: 1946