വടകര: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൊവിഡ് രോഗികൾക്ക് സാന്ത്വനമേകാൻ വീടുകളിൽ ഡോക്ടർ എത്തിക്കുന്ന പദ്ധതിയ്ക്ക് വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡോക്ടർക്കൊപ്പം മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ബ്ലോക്കിനു കീഴിലെ നാല് പഞ്ചായത്തുകളിലുള്ളവർക്കാണ് ഇതിന്റെ സേവനം ലഭിക്കുക. അടിയന്തര ഘട്ടങ്ങളിൽ പരിചരണമാവശ്യപ്പെട്ട് കൺട്രോൾ റൂമിലേക്ക് വിളിക്കുന്നവർക്ക് വീടുകളിലെത്തി അടിയന്തര സഹായം മൊബൈൽ യൂണിറ്റ് ലഭ്യമാക്കും. ഒരു ഡോക്ടറുടെയും നഴ്സിന്റെയുമുൾപടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം. മൊബൈൽ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ നിർവഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം സത്യൻ മാസ്റ്റർ,കെ പി സൗമ്യ, ശശികല ദിനേശൻ, മെഡിക്കൽ ഓഫീസർ കെ ജി ചെറിയാൻ, തുടങ്ങിയവർ പങ്കെടുത്തു. കൺട്രോൾ റൂം നമ്പറുകൾ ഏറാമല :9656547047 ഒഞ്ചിയം :9496048109 ചോറോട് :8113992596,9645843415 അഴിയൂർ :9048607027,8136957332