photo
ഭരതൻ പുത്തൂർവട്ടവും കുടുംബവും ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണത്തിനായി ഒരുക്കിയപ്പോൾ

ബാലുശ്ശേരി: നാടിനെ കൊവിഡ് കാർന്നുതിന്നുമ്പോഴും അശരണർക്ക് കൈത്താങ്ങായുണ്ട് ഭരതൻ പുത്തൂർവട്ടവും കുടുംബവും. ജീവകാരുണ്യ പ്രവർത്തനം ജീവിതവ്രതമാക്കിയ ഭരതൻ കൊവിഡ് പ്രതിരോധ കണ്ണിയായ ആർ.ആർ.ടി പ്രവർത്തനത്തിനിടയിലും വിശപ്പിന്റെ വിളികേട്ടാൽ അസ്വസ്ഥനാകും. ഭക്ഷ്യധാന്യക്കിറ്റും കിടപ്പു രോഗികൾക്ക് ഭക്ഷണക്കിറ്റുമായി കുടുംബ സമേതം ഇറങ്ങും.

മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കൂടിയായ ഭരതൻ നാട്ടിലെ മദ്യനിരോധന സമിതി, സർവോദയം ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയും നാടിനെ സേവിക്കുന്ന സന്മനസുകളുടെ പിന്തുണയോടെയുമാണ് സേവന രംഗത്ത് പ്രവർത്തിക്കുന്നത്. നാടിന്റെ നന്മയ്ക്കായ് നാടിനോടൊപ്പം ഓടുന്ന ഭരതന് സഹായമായി ഭാര്യ സുഷമയും അഞ്ചാം തരത്തിൽ പഠിക്കുന്ന മകൾ ബി.എസ് തീർത്ഥയും കൂടെത്തന്നെയുണ്ട്. അവശ്യമരുന്നുകളെത്തിച്ചും കൊവിഡ് ബാധിതരുടെ ആശങ്ക അകറ്റിയും ഭരതൻ നാടിനു നൽകുന്ന കൈത്താങ്ങ് ചെറുതല്ല. സേവനനിരതമായ ഭരത കുടുംബത്തിലേക്ക് അംഗീകാരങ്ങൾ ഏറെ വന്നിട്ടുണ്ടെങ്കിലും സേവനവഴിയിൽ വിനയാന്വിതനാണ് ഇദ്ദേഹം.