dengue

 ഡെങ്കിപ്പനി കൂടുതലും മണിയൂരിൽ

കോഴിക്കോട്: കൊവിഡ് പ്രതിരോധരംഗത്ത് വിശ്രമമറിയാതെ നീങ്ങുന്നതിനിടെ പലയിടത്തും പകർച്ചവ്യാധികൾ കൂടി പടരുന്നത് ആരോഗ്യപ്രവർത്തകരെ കുഴക്കുന്നു.

ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ കൂടാതെ ഷിഗല്ലയുടെ ആക്രമണവുമുണ്ട്. ഓരോ ദിവസവും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൂടുകയാണ്. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി തന്നെ. കൊവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ പകർച്ചവ്യാധികളുടെ കാര്യത്തിന് കൂടി ഓടിയെത്താൻ വല്ലാതെ വിഷമിക്കുകയാണ് മിക്കയിടങ്ങളിലെയും ആരോഗ്യ പ്രവ‌ർത്തകർ. മഴക്കാല പൂർവ ശുചീകരണത്തിന് കൂടുതൽ ആക്കം കൂട്ടേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ.

മേയിൽ ഇതിനിടയിൽ തന്നെ 37 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മണിയുർ, ചോറോട്, വില്യാപ്പിള്ളി എന്നിവിടങ്ങളിലായാണ് മുപ്പതോളം കേസുകൾ. ഫറോക്ക്, രാമനാട്ടുകര, ഓർക്കാട്ടേരി എന്നിവിടങ്ങിൽ ഓരോ കേസും. മണിയുരിൽ മാത്രം 13 പേർക്ക് രോഗബാധയുണ്ടായി.

കൊടിയത്തൂരിൽ ഒരാൾക്ക് മഞ്ഞപ്പിത്തവും കുരുവട്ടൂർ, കക്കോടി എന്നിവിടങ്ങളിൽ എലിപ്പനി ഒന്നു വീതവും പെരുവയൽ,​ കുന്ദമംഗലം,​ കിഴക്കോത്ത് എന്നിവിടങ്ങളിൽ ഷിഗല്ല ഒന്നു വീതവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണവും സ്ഥിരീകരിച്ചിരുന്നു. ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ടെങ്കിലും ഷിഗല്ല കേസുകൾ കുറയുന്നുണ്ട്.

സാധാരണ പനി ബാധിച്ചാൽ പോലും കൊവിഡാണെന്ന് കരുതി ഭയപ്പെടുകയാണ് പലരും. മേയിൽ തന്നെ മഴ എത്തിയതാണ് പകർച്ചവ്യാധികൾ പടരാൻ പ്രധാന കാരണം. പനി ബാധിക്കമ്പോൾ തന്നെ കൊവിഡ് ഭീതി കാരണം ആശുപത്രികളിൽ പോകാൻ മടിച്ച് മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണതയും കൂടുകയാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഡെങ്കിപ്പനി, എലിപ്പനി എന്നിവ കണ്ടെത്താൻ വൈകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.

ജലജന്യരോഗങ്ങളെയും കൊതുക് പരത്തുന്ന രോഗങ്ങളെയും പ്രതിരോധിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജില്ലയിൽ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

 തുരത്താം പകർച്ചവ്യാധികളെയും

1. ചിരട്ട, കുപ്പി, പൊട്ടിയ പാത്രങ്ങൾ, ടയറുകൾ, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് കവറുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കുക

2. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക

3. ടാങ്കുകളിൽ കൊതുക് കടക്കാത്ത വിധമുള്ള അടപ്പ് ഉറപ്പാക്കുക.

4. ഫ്രിഡ്‌ജിന്റെ ട്രേ, അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രങ്ങൾ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെളളം മാറ്റുക

5. ആഴ്ചയിൽ ഡ്രൈ ഡേ ആചരിക്കുക

6. പാഴ്‌വസ്തുക്കൾ വലിച്ചെറിയാതിരിക്കുക

7. തുറസ്സായ സ്ഥലങ്ങളിൽ കിടന്നുറങ്ങാതിരിക്കുക

8. കൊതുകുവലയോ തിരിയോ ഉപയോഗിക്കുക

'' പകർച്ചവ്യാധികൾ തടയാൻ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആഴ്ചയിൽ ഡ്രൈ ഡേ, ഡെങ്കി ഡേ തുടങ്ങിയവ വ്യാപിപ്പിക്കും".

ഡോ.വി.ജയശ്രീ,

ഡി.എം.ഒ, കോഴിക്കോട്