കോഴിക്കോട്: റേഷൻ വ്യാപാരികളോടുളള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും റേഷൻ വിതരണത്തിന് ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയിരിക്കുകയാണ്. കൊവിഡ് ബാധിച്ച് റേഷൻ വ്യാപാരികളും സെയിൽസ്മാന്മാരുമടക്കം 20 ഓളം പേ‌ർ മരിച്ചിട്ടും ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിക്കണമെന്ന ഉത്തരവ് മരവിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മുന്നൂറോളം വ്യാപാരികൾ ആശുപത്രികളിലും അഞ്ഞൂറിലധികം സെയിൽസ്മാൻമാരും ബന്ധുക്കളും ക്വാറന്റൈയിനിലുമാണ്. കൊവിഡ് രൂക്ഷമായതിനാൽ ബയോമെട്രിക് സംവിധാനം ഉപേക്ഷിക്കുക, റേഷൻ വ്യാപാരികളെ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക, കൊവിഡ് ബാധിച്ച് മരിച്ച വ്യാപാരികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ ഡീലേഴ്സ് ഉന്നയിക്കുന്നത്.