കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കൊയിലാണ്ടി, കോഴിക്കോട്, വടകര താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. കോഴിക്കോട് പന്നിയങ്കരയിലെ നദിനഗറിൽ കടൽക്ഷോഭം മൂലം ഒരു വീട്ടിലെ 11 പേരെ പഴയ ഹെൽത്ത് സെന്റർ കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. തോപ്പയിൽ ജി.എൽ.പി.എസിൽ 11 കുടുംബങ്ങളിലെ 40 പേരുണ്ട്. പുതിയങ്ങാടിയിൽ രണ്ട് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. കോയ റോഡ് ജി.എം.യു.പി.എസിൽ ഏഴ് കുടുംബങ്ങളിലെ 27 പേരും ചുങ്കം ജി.യു.പി.എസിൽ ഏഴ് കുടുംബങ്ങളിലെ 19പേരുമുണ്ട്.
കൊയിലാണ്ടി ചേമഞ്ചേരിയിൽ ഒരു വീട് പൂർണ്ണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. കടൽഭിത്തി തകർന്നു. കാപ്പാട് മുനമ്പത്ത് അഴീക്കൽ കണ്ണൻകടവ് നിന്നും 80 കുടുംബങ്ങളിലെ 390 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചെങ്ങോട്ടുകാവിൽ ഒരു വീട് ഭാഗികമായി തകർന്നു. കാപ്പാട് ബീച്ച് റോഡിന് കടൽക്ഷോഭത്തിൽ തകർന്നു. ഏഴുകുടിക്കൽ പാലത്തിന് സമീപത്തെ സംരക്ഷണ ഭിത്തിയുടെ കേടുപാടുകൾ മേജർ ഇറിഗേഷൻ വിഭാഗം പരിഹരിച്ചു. ഇവിടെ രണ്ട് ക്യാമ്പുകളിലായി അഞ്ചു കുടുംബങ്ങളിലെ26 പേരുണ്ട്. ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ ജി.എൽ.പി.എസ് മാടാക്കരയിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാടാക്കര ദാറുസ്സലാം മദ്രസയിലെ ക്യാമ്പിൽ നാലു കുടുംബത്തിലെ 20 അംഗങ്ങളാണുള്ളത്.
വിയ്യൂരി രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം പാറപ്പള്ളിയിലെ 33 പേരെ ശറഫുൽ ഇസ്‌ലാം മദ്രസയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പേരാമ്പ്രയിൽ ഒരു വീട് പൂർണമായും തകർന്നു. രണ്ട് കുടുംബങ്ങളിലെ അഞ്ച് പേരെ പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
കായണ്ണയിൽ രണ്ടു വീടുകളും കൊഴുക്കല്ലൂർ ചങ്ങരോത്ത് വില്ലേജുകളിൽ ഒരു വീടും ഭാഗികമായി തകർന്നു. അവിടനല്ലൂരിൽ ഒരു വീട് ഭാഗികമായി തകർന്നു. ചെറുവണ്ണൂർ പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനായി മണ്ണ് തടയിട്ടത് മൂലമുണ്ടായ വെള്ളപ്പൊക്ക ഭീഷണി പരിഹരിച്ചിട്ടുണ്ട്.
വടകരയിൽ പുതിയബസ്റ്റാന്റ് പരിസരത്തെ താഴ്ന്ന പ്രദേശത്ത് താമസിച്ചിരുന്ന അഞ്ചംഗ കുടുംബത്തെ വീട്ടിൽ വെള്ളം കയറിയതിനാൽ വടകര ബി.ഇ.എം സ്‌കൂളിൽ മാറ്റിപ്പാർപ്പിച്ചു. ഇവിടെ കിണർ വെള്ളം മലിനമായതിനെ തുടർന്ന് റവന്യു വകുപ്പ് കുടിവെള്ളം വിതരണം ചെയ്തു. ശനിയാഴ്ച തെങ്ങ് വീണ് അരിക്കുളം വില്ലേജിൽ ഊരള്ളൂർ ചേമ്പുംകണ്ടി മീത്തൽ യശോദ (71) മരിച്ചു.താമശ്ശേരി പുത്തൂരിൽ ഷാജി അരീക്കലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ചുമർ തകർന്നു. കാന്തലാട് വയലട കോട്ടക്കുന്ന് റോഡിൽ ചന്തച്ചം വീട്ടിൽ പ്രേമയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടുകാരോട് മാറി താമസിക്കുവാൻ നിർദ്ദേശിച്ചു. പുതുപ്പാടിയിൽ
ഷംസീർ നടൂതൊടികയുടെ വീടിന്റെ പിൻവശത്തുള്ള കോൺക്രീറ്റ് കെട്ട് ഇടിഞ്ഞുവീണു.വീടിന്റെ അടുക്കള ഭാഗം ചുമരിന് വിള്ളലുമുണ്ട്. ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ ഉണ്ട്. വീട്ടുകാരോട് മാറി താമസിക്കാൻ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാല് താലൂക്കുകളിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ: 04952372966 (കോഴിക്കോട്) 04962620235 (കൊയിലാണ്ടി), 0495 2223088 (താമശേരി), 04962522361 (വടകര).