kseb

കോഴിക്കോട്: കൊവിഡ് കാലത്ത് വെെദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടതില്ല. കേവലം ഒരു ഫോൺ കോളിൽ കെ.എസ്.ഇ.ബിയുടെ സേവനം വാതിൽപ്പടിയിൽ എത്തിയിരിക്കും.

കൊവി‌ഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങാതെ തന്നെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് പാലക്കാട് സർക്കിളിൻെറ കീഴിലുള്ള 30 സെക്‌ഷൻ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയത്. ഇത് പിന്നീട് തൃശൂർ, പെരുമ്പാവൂർ, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 755 സെക്‌ഷനുകളിൽ അഞ്ഞൂറോളം എണ്ണത്തിലും ഇപ്പോൾ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ കെ.എസ്.ഇ.ബി സർക്കിളിന്റെ പരിധിയിൽ വരുന്ന 39 സെക്‌ഷനുകളിലും പദ്ധതി നിലവിൽ വന്നിട്ടുണ്ട്.

പുതിയ വൈദ്യുതി കണക്‌ഷൻ, താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. 1912 എന്ന ടോൾ ഫ്രീ നമ്പർ വഴിയും സേവനങ്ങൾ ഉറപ്പാക്കാം.

ഫോൺ കാളിനു പിറകെ കെ.എസ്.ഇ.ബി ജീവനക്കാർ ഉപഭോക്താവിനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതൊക്കെ വേണമെന്ന് അറിയിക്കും. നടപടിക്രമങ്ങളും വിശദീകരിക്കും. തുട‌‌ർന്ന് അപേക്ഷയും അനുബന്ധ രേഖകളും ജീവനക്കാർ ഉപഭോക്താവിന്റെ വീട്ടിലെത്തി കൈപ്പറ്റും. അപേക്ഷാ ഫീസും ഓരോന്നിനും വരുന്ന ചെലവിന്റെ തുകയും ഓൺലൈനായി അടക്കാം. തുക അടയ്ക്കുന്നതോടെ വൈകാതെ സേവനം ലഭ്യമാക്കും.

'' ഉപഭോക്താക്കൾക്ക് ഓൺലെെൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും നിരവധി പേർ ഇപ്പോഴും പഴയ രീതി പിന്തുടരുകയാണ്. ഇത് മാറണം. ആവശ്യങ്ങൾക്കായി സെക്‌ഷൻ ഓഫീസുകളിൽ എത്തേണ്ട കാര്യമില്ല. വീട്ടിലിരുന്നു തന്നെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.

രാം മഹേഷ്,

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ,

കെ.എസ്.ഇ.ബി