tele

കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനം ഇനിയും വിട്ടൊഴിയാതെ നിൽക്കെ, മികച്ച വൈദ്യസഹായം നൽകാൻ ടെലി മെഡിസിൻ പദ്ധതി നടപ്പാക്കിയിട്ടും ആളുകൾ പൊതുവെ മുഖം തിരിച്ചുതന്നെ.

ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുന്നതിലൂടെ, തിക്കും തിരക്കും അതുവഴിയുണ്ടാവുന്ന രോഗപ്പക‌ർച്ചയും തടയുക എന്ന ലക്ഷ്യം കൂടി വെച്ചാണ് ടെലി മെഡിസിൻ ആവുന്നത്ര വ്യാപിപ്പിക്കാൻ തുടക്കത്തിലേ ശ്രമമുണ്ടായത്. പക്ഷേ, ജനങ്ങൾക്ക് എന്തോ ഇതിനോട് ഒരു വിശ്വാസക്കുറവ് പോലെയാണ്. സമ്പൂർണ ലോക്ക് ഡൗണിന്റെ കടുപ്പിച്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ജില്ലയിലെ സ‌ർക്കാർ ആശുപത്രികളിലെന്ന പോലെ സ്വകാര്യ ആശുപത്രികളിലും നിരവധി ആളുകളാണ് എത്തുന്നത്. മാത്രമല്ല, ടെലി മെഡിസിൻ സംവിധാനത്തെ കുറിച്ച് അറിവുണ്ടായിട്ടും രോഗകാര്യങ്ങൾ പറഞ്ഞ് മരുന്നിനായി മെഡിക്കൽ ഷോപ്പുകളെ അഭയം തേടുന്നവ‌ർ കുറച്ചൊന്നുമല്ല. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നു മരുന്ന് നൽകരുതെന്ന പോലെ അവിടെ നിന്നു തരുന്ന മരുന്ന് വാങ്ങി കഴിക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് ആവർത്തിക്കുന്നുണ്ട്. ഇതൊന്നും ഇത്തരം ശീലക്കാരുടെ ചെവിയിൽ കയറുന്നേയില്ല. ഒരു തവണ മെഡിക്കൽ ഷോപ്പുകാർ കൊടുക്കുന്ന മരുന്ന് ലക്ഷണം നോക്കി പലരും പിന്നീട് സ്വയം ചികിത്സയ്ക്കു പ്രയോഗിക്കുന്നവരുമുണ്ട്.

ഡോക്ടർമാർ ടെലി മെഡിസിൻ സംവിധാനത്തെ പൂർണമായും പിന്താങ്ങുമ്പോൾ ജനങ്ങൾ പൊതുവെ പുറം തിരിഞ്ഞു നിൽക്കുന്നതാണ് പ്രശ്നമെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.

 സ്വയം ചികിത്സയ്ക്ക്

ആന്റി ബയോട്ടിക് വരെ

തൊണ്ടവേദന പോലുള്ള പ്രശ്നങ്ങൾക്കു നൽകുന്ന ആന്റിബയോട്ടിക് മരുന്നുകൾ വരെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം വാങ്ങി കഴിക്കുന്നവരുണ്ട്. പനി, തലവേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോൾ മരുന്ന് തരാതരം ഉപയോഗിക്കുന്നവർ ഏറെയാണെന്ന് പല മെഡിക്കൽ ഷോപ്പുകാരും രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചുമ , തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ ഏതു ആന്റിബയോട്ടിക് എന്നൊന്നും നോക്കുന്നില്ല. ആരെങ്കിലും ഉപദേശിക്കുന്നതിനനുസരിച്ച് വാങ്ങിക്കഴിക്കുകയാണ്. കൊവിഡ് വ്യാപനം തുടങ്ങിയതോടെ പ്രതിരോധശേഷി ഉറപ്പാക്കാൻ വൈറ്റമിൻ സി, കാത്സ്യം, മൾട്ടി വിറ്റമിൻ ഗുളികകൾ തുടങ്ങി വിറ്റമിൻ സപ്ലിമെന്റുകൾ സ്വയം വാങ്ങിക്കഴിക്കുന്നവരും കുറവല്ല.

 ഇ - സഞ്ജീവനി ജയിലുകളിലെ തടവുകാർക്ക് ഉൾപ്പെടെ ഇ - സഞ്ജീവനി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളും ഇപ്പോൾ ടെലി മെഡിസിൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. സാധാരണ രോഗങ്ങൾക്കുള്ള ഓൺ ലൈൻ ജനറൽ ഒ.പി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഒ.പി യും ഇപ്പോൾ ലഭ്യമാണ്. ദിവസവും മുപ്പതോളം ഡോക്ടർമാർ ഷിഫ്‌റ്റ് ഡ്യൂട്ടിയിലുണ്ട്.