താമരശ്ശേരി: പഴകിയതും മായം കലർന്നതുമായ മത്സ്യങ്ങളുടെ വിൽപന തടയാൻ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ലോക്ഡൗണിനെ തുടർന്ന് പല മത്സ്യബന്ധന തുറമുഖങ്ങളും അടച്ചതോടെ സംസ്ഥാനത്തിന്റെ പുറത്തുനിന്നു വൻതോതിൽ മത്സ്യം എത്താൻ തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്. കോഴിക്കോട് നാലു സോണുകളിലായി എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. താമരശേരി, കൊടുവള്ളി , ബാലുശേരി,കുന്നമംഗലം, നാദാപുരം,വടകര, കോഴിക്കോട് കോർപറേഷൻ എന്നീ മേഖകളാക്കി തിരിച്ചാണ് സ്‌ക്വാഡുകൾ പരിശോധന നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നിരവധി മത്സ്യ മാർക്കറ്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്, ബേപ്പൂർ സർക്കിളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർമാരായ ഡോ.ജോസഫ് കുര്യാക്കോസ്, ഡോ.വിഷ്ണു ഷാജി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി 16 പരിശോധനകളാണ് നടത്തിയത്. ഇതിൽ 17 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി റീജണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലോക്ഡൗണിൽ തുറമുഖങ്ങൾ അടച്ചതോടെ സംസ്ഥാനത്തെ മത്സ്യമേഖല വലിയ പ്രതിസന്ധിയിലാണ്. നിലവിൽ മത്സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യത്തിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങളാണ് മാർക്കറ്റുകളിൽ കൂടുതലായും എത്തുന്നത്. ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയാൽ മത്സ്യം കേടാകാതെ കൂടുതൽ കാലം നിൽക്കും. വിപണി ലക്ഷ്യമിട്ട് ഇത്തരത്തിൽ കൃത്രിമം നടക്കുന്നുണ്ടോയെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നത്.