കോഴിക്കോട്: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയിലെ കാർഷിക മേഖലയിൽ നേരിട്ടത് ഏതാണ്ട് 25 കോടി രൂപയുടെ നാശനഷ്ടം. 975. 91 ഹെക്ടറിലെ കൃഷി നശിച്ചതായി ദുരന്തനിവാരണ വകുപ്പ് കണക്കാക്കുന്നു. 11,036 കർഷകരെ മഴക്കെടുതി ബാധിച്ചു.

ജില്ലയിൽ ഏഴു വീടുകൾ പൂർണമായും തകർന്നു. 22 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 259 വീടുകൾ ഭാഗികമായി തകർന്നു. 80,25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ.എസ്.ഇ.ബി ക്ക് മൂന്നര കോടി രൂപയുടെയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അഞ്ച് കോടിയുടെയും നഷ്ടമുണ്ടായി. മേജർ ഇറിഗേഷന് 10 കോടിയുടെയും മൈനർ ഇറിഗേഷന് 10 ലക്ഷത്തിന്റെയും നാശനഷ്ടം നേരിട്ടു. കടൽക്ഷോഭത്തിൽ 12 തീരദേശ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.