കേന്ദ്രീകൃത ഓക്‌സിജൻ സൗകര്യം ഒരുക്കാൻ കെ.എസ്.ടി.എ
കോഴിക്കോട് : കോട്ടപ്പറമ്പ് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന കൊവിഡ് വാർഡിൽ കെ.എസ്.ടി.എ കേന്ദ്രീകൃത ഓക്‌സിജൻ സൗകര്യം ഒരുക്കുന്നു. 50 ബെഡുകളാണ് കേന്ദ്രീകൃത ഓക്‌സിജൻ സൗകര്യവുമായി സജ്ജീകരിക്കുന്നത്. ഗർഭിണികളായ കൊവിഡ് രോഗികൾക്ക് ഏറെ ആശ്വാസകരമാണ് ഈ പദ്ധതി. ലേബർ റൂമിലും, വാർഡിലും ഇതോടെ മുഴുവൻ സമയവും തടസ്സമില്ലാതെ ഓക്‌സിജൻ ലഭിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും, ഓക്‌സിജൻ എത്തിക്കുന്ന പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വർക്ക് ഓർഡർ നൽകി. ഓരോരോഗിക്കും ഓരോ സിലിണ്ടർ എന്നത് ഇതോടെ കൊവിഡ് വാർഡിൽ പഴങ്കഥയാവും. ആദ്യഘട്ടമെന്ന നിലയിൽ പത്ത് ലക്ഷം രൂപയാണ് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ഇതിനു വേണ്ടി ചെലവഴിക്കുന്നത്. ഇതിനു പുറമേ ആയിരം ഓക്‌സിമീറ്ററുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി അധികൃതർക്ക് കൈമാറി വരികയാണ്. മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ചിലേക്കു പണം സമാഹരിക്കുന്ന പ്രവർത്തനവും കെ.എസ്.ടി.എ നടത്തുന്നുണ്ട്.