കോഴിക്കോട് : കോഴിക്കോട് സിറ്റി ജനമൈത്രി പൊലീസ് സന്നദ്ധ പ്രവർത്തകരുടെ സംഘത്തിന് രൂപം നൽകി. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും 12 വീതം സന്നദ്ധ പ്രവർത്തകരെ കണ്ടെത്തിയാണ് ദുരന്തനിവാരണ സമിതിക്ക് രൂപം നൽകിയത്. തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരുടെ വിദഗ്ധ പരിശീലനം ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ്ജ് നിർവ്വഹിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി നിർവ്വഹിച്ചു. ഇതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജനമൈത്രി ബീറ്റ് ഓഫീസർമാർക്കൊപ്പം പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരായ വളണ്ടിയമാരുടെ സേവനവും ലഭ്യമാകും. ചടങ്ങിൽ ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ രജി കുമാർ,അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ രതീഷ് കുമാർ,നടക്കാവ് സബ്ബ് ഇൻസ്പെക്ടടർ നിയാസ് എന്നിവരും പങ്കെടുത്തു.