വടകര: പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൊവിഡ് ആശുപത്രി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പരവന്തലയിലെ പാർക്കോ കോളജ് ഒഫ് നഴ്‌സിംഗ് കെട്ടിടത്തിലാണ് ആശുപത്രി സജ്ജീകരിച്ചത്. 50 പേർക്ക് ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളും 50 സാധാരണ കിടക്കകളുമാണ് ആശുപത്രിയിലുള്ളത്. പാവപ്പെട്ടവർക്ക് തികച്ചും സൗജന്യമായി ഒരു സ്വകാര്യ ആശുപത്രി നൽകുന്ന സേവനത്തെ പ്രശംസിച്ചാൽ മതിയാവില്ലെന്നും പാർക്കോ സ്ഥാപകൻ പരേതനായ പി.എ.റഹ്മാന്റ സാമൂഹ്യ സേവനം പ്രശംസനീയമാണെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. ഓൺലൈൻ ചടങ്ങിൽ ചെയർമാൻ പി.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ കെ.കെ.രമ, ജില്ലാ കളക്ടർ സാംബശിവ റാവു, നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, റൂറൽ എസ്.പി ഡോ.എ. ശ്രീനിവാസ്, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, കൗൺസിലർമാരായ ബാലകൃഷ്ണൻ, ഫാഷിദ, ചോറോട് പഞ്ചായത്തംഗം കെ.മധു, ജില്ലാ മെഡിക്കൽ ഓഫീസർ വി.ജയശ്രീ, ഡോ.നവീൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലി, ഐ.എം.എ പ്രസിഡന്റ് ഡോ. ഇസ്മത്ത് റിഫായി, പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. നസീർ, എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു എന്നിവർ സംസാരിച്ചു.