മാവൂർ: ലോക്ക് ഡൗൺ വേളയിൽ നി‌ർധനർക്ക് ഭക്ഷണം എത്തിക്കുന്ന മുക്കം അഗ്നിരക്ഷാസേനയുടെ 'ഹൃദയപൂർവം" പദ്ധതിയ്ക്ക് പിന്തുണയുമായി മാദ്ധ്യമ പ്രവർത്തകരും രംഗത്തെത്തി. ഒരു വാഹനം നിറയെ ഭക്ഷ്യവസ്തുകൾ കൈമാറുകയായിരുന്നു മാവൂർ പ്രസ് ക്ലബ് ആൻഡ് പ്രസ് ഫോറം. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമെല്ലാം അഗ്നി രക്ഷാ സേനയുടെ കമ്മ്യൂണിറ്റി കിച്ചണിലെത്തിക്കുകയായിരുന്നു.

മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒരുക്കിയ വിഭവവണ്ടിയുടെ ഫ്ളാഗ് ഓഫ് എം.കെ.രാഘവൻ എം.പി നിർവഹിച്ചു. മാവൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശൈലേഷ് അമലാപുരി സ്വാഗതം പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ പുലപ്പാടി, മെമ്പർ കെ.ഉണ്ണികൃഷ്ണൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മെമ്പർ വിശ്വൻ വെള്ളലശ്ശേരി, മാവൂർ പ്രിൻസിപ്പൽ എസ്.ഐ കുമാർ, മാവൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂണിറ്റ് പ്രസിഡന്റ് നാസർ മാവൂരാൻ തുടങ്ങിയവർ സംബന്ധിച്ചു. പെരുമണ്ണ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി ലത്തീഫ് പയ്യടിമേത്തൽ, മാവൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ലത്തീഫ് കുറ്റിക്കുളം, ജോയിന്റ് സെക്രട്ടറി അമീൻ ഷാഫിദ്, ട്രഷറർ ഷമീർ പാഴൂർ തുടങ്ങിയവർ സംസാരിച്ചു.

മുക്കത്ത് സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫീസർ എൻ.വിജയൻ എന്നിവർ ചേർന്ന് വിഭവവണ്ടിയെ വരവേറ്റു.