കോഴിക്കോട് : നഗരത്തിൽ യാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേരെ ടൗൺ പൊലീസ് പിടികൂടി. ചാലിയം സ്വദേശി സഫ്വാൻ ( 21), മലപ്പുറം അഴിനിലം സ്വദേശി സുജീഷ് (27) എന്നിവരെയാണ് ടൗൺ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മാർച്ച് 24ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോവുകയായിരുന്ന കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയെ ഒയിറ്റി റോഡിൽ വെച്ച് ആക്രമിച്ചു പ്രതികൾ മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയാണുണ്ടായത്
പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേനുകളിൽ കേസുകൾ നിലവിലുണ്ട്. ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ബിജു ആന്റണി, അബ്ദുൾ സലിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ, ഉദയകുമാർ, സി.പി.ഒ മാരായ അനൂജ്, ഷിജിത്ത് , ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.