fish

@മത്സ്യബന്ധനത്തിന് നിയന്ത്രണം

@ ഹാർബറുകളിൽ ലേലമില്ല

കോഴിക്കോട്: കുതിക്കുന്ന മീൻ വിലയും ലഭ്യതക്കുറവും മലയാളിയുടെ തീൻ മേശകളെ വെജിറ്റേറിയനാക്കുന്നു .

ലോക്ക് ഡൗണിൽ ജില്ലയിലെ പ്രധാന മത്സ്യ വിൽപ്പന കേന്ദ്രങ്ങളായ പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ ഉൾപ്പെടെ ഹാർബറുകൾ അടച്ചതോടെയാണ് മത്സ്യ ക്ഷാമം രൂക്ഷമായത്. ടൗക് തേചുഴലിക്കാറ്റിൽ മത്സ്യബന്ധനം നിലച്ചതും തിരിച്ചടിയായി. കേരള തീരങ്ങളിൽ സുലഭമായിരുന്ന അയലയും മത്തിയും കുറഞ്ഞതോടെ വില കുതിക്കുകയാണ്. അടുത്ത മാസം ട്രോളിംഗ് നിരോധനം വരുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയും.

നിയന്ത്രണങ്ങളിൽ കുരുങ്ങി മത്സ്യബന്ധനവും സംസ്‌കരണവും കയറ്റുമതിയും നിലച്ചതിനാൽ ജില്ലയിലുള്ള 15,000ത്തോളം മത്സ്യത്തൊഴിലാളികളും സമുദ്രോത്പ്പന്ന സംസ്‌കരണ യൂണിറ്റുകളിലെ തൊഴിലാളികളും പട്ടിണിയിലാണ്. ചെറുവള്ളങ്ങളും ബോട്ടുകളും കടലിൽ ഇറങ്ങാതായതോടെ മീനിന്റെ വരവും നിലച്ചു. നത്തോലി, മാന്ത, മത്തി തുടങ്ങിയ മീനുകളൊന്നും കിട്ടാതെയായി. മത്സ്യം കുറഞ്ഞതും വെള്ളത്തിന്റെ അമിത ചൂടും കാരണം രണ്ട് മാസമായി മത്സ്യബന്ധനം കാര്യമായി നടന്നിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

@ വിപണിയിൽ കൂടുതൽ മറുനാടൻ

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യമാണ് വിപണിയിൽ കൂടുതലായും എത്തുന്നത്. കൃത്യമായി പരിശോധനയില്ലാതെ അതിർത്തി കടന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കളുടെ അളവ് കൂടുതലാണെന്ന ആക്ഷേപമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകൾ കച്ചവടക്കാർ വലിയ വില നൽകി വാങ്ങേണ്ട സ്ഥിതിയാണ്. ആവോലി, അയക്കൂറ തുടങ്ങി വിലകൂടിയ മത്സ്യങ്ങളെല്ലാം ഗുജറാത്തിൽ നിന്നാണ് എത്തുന്നത്.

@ വിൽപ്പനയും കുറഞ്ഞു
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നതും ചെറുതോണികൾ കൊണ്ടു വരുന്നതുമായ മത്സ്യമാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. ദിവസം 200 കിലോ മത്സ്യം കച്ചവടം ചെയ്തിരുന്ന സെന്റർ മാർക്കറ്റ് കൊവിഡ് കർശന നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളി സ്ത്രീകൾ വീടുകളിൽ മീനെത്തിക്കുന്നതും നിലച്ചു. ആയിരത്തോളം കച്ചവടക്കാരുണ്ടായിരുന്ന സ്ഥലത്ത് കച്ചവടം കുറഞ്ഞതോടെ മുന്നൂറോളം കച്ചവടക്കാർ മാത്രമായി. ഹോട്ടലുകളിലേക്കാണ് കൂടുതൽ ഓർഡറുകൾ ഉണ്ടായിരുന്നത്. എന്നാൽ ഹോട്ടലുകളിൽ പാർസൽ മാത്രമായതോടെ അതും കുറഞ്ഞു.

@ഇന്നലെത്തെ വില (കിലോ)

മത്തി- 200

അയല-250

പപ്പൻസ്-200

ആവോലി-400

കിളിമീൻ-200

നെയ്മമീൻ- 500

'' കൊവിഡ് നിയന്ത്രണമുള്ളതിനാൽ മത്സ്യം പുറത്തു നിന്ന് വരുന്നത് കുറഞ്ഞു. അതിനാൽ ജില്ലയിൽ മത്സ്യം ലഭിക്കാനില്ല. മഴയും കാറ്റും കൊവിഡും കാരണം പലരും കടലിൽ പോകാത്തതും തിരിച്ചടിയായി.'' പി.പി അക്ബർ,സെക്രട്ടറി,​ മത്സ്യ വിതരണ തൊഴിലാളി യൂണിയൻ.

''കടലിൽ പൊതുവെ മത്സ്യം കുറവാണ്. കാലാവസ്ഥ അനുയോജ്യമായതിനാൽ ചെറുവള്ളങ്ങളും മറ്റും കടലിൽ പോയിത്തുടങ്ങിയിട്ടുണ്ട്. നാളെ മുതൽ വലിയ വള്ളങ്ങളും ഇറങ്ങും. അബ്ദുൾ റാഫിഖ്,​ സംസ്ഥാന സെക്രട്ടറി,​ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ